കൽപ്പറ്റ: ഉരുൾപൊട്ടി മണ്ണിൽ പുതഞ്ഞ പുത്തമലയിൽ നടന്ന പ്രകൃതിദുരന്താനന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മേപ്പാടി പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതും
രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുമാണെന്നു പ്രസിഡന്റ് കെ.കെ. സഹദ്, വൈസ് പ്രസിഡന്റ് ഷൈജ ബേബി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചന്ദ്രശേഖരൻ തന്പി, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ്‍ സി. സീനത്ത് എന്നിവർ അവകാശപ്പെട്ടു.
പുത്തുമലയിൽ പ്രളയാനന്തരം മണ്ണുമാന്തി ഉപയോഗിച്ചു നടത്തിയ പ്രവൃത്തികൾ, മണ്ണിലടിഞ്ഞ മരങ്ങളുടെ ലേലം, പുഴകളിലും തോടുകളിലും അടിഞ്ഞ അവശിഷ്ടങ്ങൾ നീക്കം ചെയ്യൽ തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് യുഡിഎഫ് അഴിമതിയാരോപണം ഉന്നയിച്ചത്. മണ്ണുമാന്തി ഉപയോഗിച്ചു നടത്തിയ പ്രവൃത്തികൾക്കു പണം നൽകിയതും മരം ലേലം ചെയ്തതും റവന്യൂ വകുപ്പാണ്. പഞ്ചായത്തിനു ഇതുമായി ബന്ധമില്ല.
പുത്തുമല, പുനംപുഴ, ഫോർമണ്ണൻ പുഴ, ഒന്‍പതാം നന്പർ അരുവി, 11-ാം നന്പർ അരുവി, പുഴമൂല അരുവി, വെള്ളിത്തോടു പുഴ എന്നിവിടങ്ങളിൽ അടിഞ്ഞ അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവൃത്തികളാണ് പഞ്ചായത്ത് മുഖേന നടത്തിയത്.
ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ചെയർപേഴ്സണുമായ കളക്ടർ വിളിച്ചുചേർത്ത യോഗത്തിലെ നിർദേശമനുസരിച്ചായിരുന്നു ഇത്. ജൂണ്‍ ഒന്പതിനു ചേർന്ന ഭരണസമിതി യോഗമാണ് പ്രവൃത്തികൾ ടെൻഡർ നടപടികൾക്കു പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
പുഴകളിലും അരുവികളിലും അടിഞ്ഞ അവശിഷ്ടങ്ങളുടെ അളവും മതിപ്പുവിലയും തിട്ടപ്പെടുത്തിയത് എൽഎസ്ജിഡി ഉദ്യോഗസ്ഥരാണ്. പത്രങ്ങളിൽ പരസ്യപ്പെടുത്തി പ്രവൃത്തികൾ ജൂണ്‍ 12നാണ് ടെൻഡർ ചെയ്തത്. രണ്ടു പേർ ടെൻഡറിൽ പങ്കെടുത്തു.
മുഴുവൻ പ്രവൃത്തികളും അടങ്കൽ തുകയ്ക്കുതന്നെയാണ് കരാറുകാർ എറ്റെടുത്തത്. എന്നിരിക്കെയാണ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ യുഡിഎഫ് ദുരാരോപണം ഉന്നയിച്ചത്.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്ന യുഡിഎഫിനെ ജനം തിരിച്ചറിയുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.