കൽപ്പറ്റ: കനത്ത മഴയെത്തുടർന്ന് വയനാട് പുത്തുമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുന്നു. ദേശീയ ദുരന്തനിവരാണ സേനയുടെയും കണ്ണൂർ ടെറിട്ടോറിയൽ ആർമിയുടെയും നേതൃത്ത്വത്തിലാണ് തെരച്ചിൽ നടത്തുന്നത്. ഇവിടെനിന്നും ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ഇവിടെ മരിച്ചവരുടെ എണ്ണം ഒന്‍പതായി.
അതേസമയം, രക്ഷാപ്രവർത്തനം ദുഷ്കരമായ സാഹചര്യത്തിൽ പുത്തുമലയിലേക്ക് നാവികസേനയും എത്തുമെന്ന് അറിയിച്ചു. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നാവികസേനയുടെ ഹെലികോപ്റ്റർ 12.30ന് ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്തെത്തും. പുത്തുമല പച്ചക്കാട് മേഖലയിൽ ഒറ്റപ്പെട്ടു കഴിയുന്നവരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്താനുള്ള സാധ്യതയും ജില്ലാ ഭരണകൂടം പരിശോധിക്കുന്നുണ്ട്.