കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പച്ചക്കാട് ഉരുൾപൊട്ടി മണ്ണിനടിയിലായ പുത്തുമലയിൽ കാണാതായവരുടെ കുടുംബങ്ങൾക്കു മരിച്ചവരുടെ ആശ്രിതർക്കുള്ള അതേ ആനുകൂല്യം ലഭ്യമാക്കുമെന്നു സബ് കളക്ടർ എൻ.എസ്.കെ. ഉമേഷ് അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിക്കു കീഴിലുള്ള സമിതിയുടെ അംഗീകാരത്തിനു വിധേയമായാണ് ആനുകൂല്യം അനുവദിക്കുക. ഇക്കാര്യത്തിൽ ഓഖി ദുരന്തം ഉണ്ടായപ്പോൾ സ്വീകരിച്ച നടപടികൾ മാതൃകയാക്കും.
11-12 അടി ഉയരത്തിൽ കല്ലും മണ്ണും മരക്കഷണങ്ങളും അടിഞ്ഞ പുത്തുമലയിൽ അഞ്ചു പേരെയാണ് കണ്ടെത്താനുള്ളത്. ഇവർക്കായി കുടുംബാംഗങ്ങളും നാട്ടുകാരും തെരച്ചിൽ തുടരുന്നതു വിലക്കിയിട്ടില്ല. സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ തെരച്ചിലിനു ഇറങ്ങരുതെന്നു നിർദേശം നൽകിയിട്ടുണ്ട്. മൃതദേഹത്തിന്റെ സാന്നിധ്യം ഉള്ളതായി സൂചന ലഭിച്ചാലുടൻ അറിയിക്കണമെന്നും തെരച്ചലിനു വിദഗ്ധരെ നിയോഗിക്കുമെന്നും കുടുംബങ്ങൾക്കു ഉറപ്പുനൽകിയുണ്ട്.
12 മൃതദേഹങ്ങളാണ് പുത്തുമലയിൽ ഇതിനകം കണ്ടെത്തിയത്. വിവിധ സേനാംഗങ്ങൾക്കു പുറമേ 28 വോളണ്ടിയർ സംഘങ്ങളും പുത്തുമലയിൽ തെരച്ചിലിനും സേവനത്തിനും ഇറങ്ങിയിരുന്നു. സ്നിഫർ നായകളുടെ സേവനവും ഗ്രൗണ്ട് പെനിട്രേറ്റിംഗ് സംവിധാനവും തെരച്ചിലിനു ഉപയോഗപ്പെടുത്തിയെങ്കിലും വിജയകരമായിരുന്നില്ല. പച്ചക്കാടു നിന്നു അഞ്ചു കിലോമീറ്റർ അകലെയുള്ള സൂചിപ്പാറ, നിലന്പൂർ അതിർത്തിവരെ വെള്ളപ്പാച്ചിൽ ഉണ്ടായ പ്രദേശങ്ങൾ എന്നിവിടങ്ങളിലും കാണാതായവർക്കായി തെരച്ചിൽ നടത്തിയെന്നും സബ് കളക്ടർ പറഞ്ഞു.