പുതുനഗരം(പാലക്കാട്): പുതുനഗരത്ത് റെയിൽവേ ട്രാക്കിൽ യുവാവിനെ മരിച്ച നിലയിലും മറ്റൊരാളെ പരിക്കേറ്റ് അവശനിലയിലും കണ്ടെത്തി. വിരിഞ്ഞപ്പാടം കള്ളുഷാപ്പിനു പിറകിലെ ട്രാക്കിലാണ് അപകടം. തത്തമംഗലം കുറ്റിക്കാട്ടിൽ പരേതനായ ബേബിയുടെ മകൻ ജിബിനെ (18) മരിച്ച നിലയിലും മേട്ടുക്കട മണികണ്ഠന്റെ മകൻ സുമേഷിനെ (21) പരിക്കേറ്റ് അബോധാവസ്ഥയിലുമാണ് ഇന്നു പുലർച്ചെ അഞ്ചിനു നാട്ടുകാർ കണ്ടെത്തിയത്. സുമേഷിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മാവനെ കാണാനെന്നു പറഞ്ഞാണ് ഇന്നലെ രാത്രി ജിബിൻ വീട്ടിൽനിന്നും ഇറങ്ങിയത്. മൃതദേഹത്തിനു സമീപം ഒരു ഷൂ, 200 രൂപ, മൊബൈൽ, മദ്യക്കുപ്പി, പ്ലാസ്റ്റിക് കവറിൽ മുന്തിരി എന്നിവ ചിതറിക്കിടക്കുന്നുണ്ട്. മൃതദേഹം കമിഴ്ന്നുകിടക്കുന്ന നിലയിലാണ്.
ട്രാക്കിനു സമീപത്തെ പാലത്തിലിരുന്നു ഇരുവരും മദ്യപിച്ചിരിക്കാമെന്നു പോലീസ് സംശയം പ്രകടിപ്പിച്ചു. പുതുനഗരം പോലീസും റെയിൽവേ പോലീസും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. രാത്രിയിൽ പോയ ട്രെയിൻ തട്ടി അപകടം നടന്നിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജിബിൻ മീനാക്ഷിപുരം ഐടിഐയിൽ രണ്ടാംവർഷ വിദ്യാർഥിയാണ്. അമ്മ: ചന്ദ്രിക.