പുതുനഗരം: തകർന്ന പുതുനഗരം-കിണാശേരി പാതവഴി വാഹനസഞ്ചാരം അപകടഭീഷണയിൽ. പത്തുവർഷം മുന്പാണ് ഈ പാതയിൽ സംരക്ഷണ ജോലികൾ ചെയ്തിരിക്കുന്നത്. പെരുവെന്പ്, അപ്പളം, കനാൽപ്പാലം, തണ്ണീർപ്പന്തൽ ഉൾപ്പെടെ സ്ഥലങ്ങളിൽ റോഡിലുടനീളം ഗർത്തങ്ങാണ്.2018, 2019 വർഷങ്ങളിൽ ഉണ്ടായ പ്രളയത്തിൽ പല സ്ഥലങ്ങളിലും ടാറിംഗ് ഒഴുകിപോയി മെറ്റൽ ഇളകിയ നിലയിലാണ്. ഇതിനാൽ വാഹനങ്ങൾ റോഡിൽ വലതുഭാഗത്തുകൂടി സഞ്ചരിക്കേണ്ടി സ്ഥിതിയായതോടെ അപകടം പതിവാണ്.
ജില്ലയിൽ പഞ്ചായത്ത് റോഡുകൾ വരെ പുനർനിർമാണം നടന്നു വരികയാണ്. എന്നാൽ കൊല്ലങ്കോട്, ഉൗട്ടറ, വടവന്നൂർ, കരിപ്പോട്, പുതുനഗരം ഭാഗത്തുനിന്നും നൂറുകണക്കിനു വാഹനങ്ങൾ ജില്ലാ ആസ്ഥാനത്തേക്ക് ഇടതടവില്ലാതെ സഞ്ചരിക്കുന്ന പ്രധാന വഴിയാണിത്. സ്വകാര്യ ബസുമായി ബൈക്ക് കൂട്ടിയിടിച്ച് സബ് ഇൻസ്പെക്ടർ മരിച്ചതുൾപ്പെടെ നിരവധി വാഹനങ്ങളാണ് ഇവിടെയുണ്ടായിട്ടുള്ളത്.
അത്യാസന്ന നിലയിൽ രോഗിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഗർത്തത്തിൽ ഇടിച്ചിറങ്ങി വാഹനം അപകടത്തിൽപ്പെട്ടിരുന്നു. റോഡിന്റെ തകർച്ചമൂലം മൂന്നുകിലോമീറ്റർ അകലെയുള്ള കൊടുവായൂർ വഴിയാണ് ജില്ലാ ആസ്ഥാനത്തേക്ക് സഞ്ചാരം. റോഡിന്റെ ഇരുവശത്തു അറവുമാലിന്യം തള്ളുന്നതും തടയാൻ ബന്ധപ്പെട്ട വകുപ്പ് അധികൃതർ പരിഹാര നടപടിയെടുക്കാറില്ല.
തെരുവുനായകൾ മാംസ മാലിന്യം നിറച്ച ചാക്ക് കെട്ടുകൾ റോഡിൽ വലിച്ചിടുന്നതോടെ ഇരുചക്രവാഹനം നിയന്ത്രണം വിട്ടു മറിയുന്നതും പതിവാണ്.പെരുവെന്പ് മുതൽ തണ്ണീർപന്തൽ വരെയും മാംസമാലിന്യത്തിന്റെ ദുർഗന്ധം യാത്രക്കാരെ വിഷമിപ്പിക്കുകയാണ് റോഡ് നിർമാണം വൈകുന്നതായി ആരോപണമുന്നയിച്ച് ഗർത്തങ്ങളിൽ വാഴനട്ടു പ്രതിഷേധിക്കാനും യാത്രക്കാർ ശ്രമം തുടങ്ങി.