കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില് യുഡിഎഫ് സ്ഥാനാര്ഥിയായി ചാണ്ടി ഉമ്മനുള്ള സാധ്യത തെളിഞ്ഞെങ്കിലും എല്ഡിഎഫ്, എന്ഡിഎ സ്ഥാനാര്ഥികള് സംബന്ധിച്ചു ചര്ച്ചകള് മുറുകുന്നു.
കോണ്ഗ്രസ് സ്ഥാനാര്ഥി സംബന്ധിച്ച് ഉമ്മന് ചാണ്ടി കുടുംബത്തിലേക്ക് ചര്ച്ചകള് നീണ്ടെങ്കിലും മറിയം, അച്ചു ഉമ്മന് എന്നിവര് സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന നിലപാട് വ്യക്തമാക്കിയതോടെ ചാണ്ടി ഉമ്മനിലേക്ക് മാത്രമായി ചുരുങ്ങി.
ഇതിന് കോണ്ഗ്രസ്, യുഡിഎഫ് നേതൃത്വം പിന്തുണ നല്കിയതോടെ ചാണ്ടി ഉമ്മന് സ്ഥാനാര്ഥിയാകുമെന്ന് ഏറെക്കുറെ തീരുമാനമായി.
ഉമ്മന് ചാണ്ടിയുടെ പ്രതിച്ഛായയില് മണ്ഡലം നിലനിര്ത്താമെന്ന മോഹമാണ് ചാണ്ടി ഉമ്മനിലേക്ക് യുഡിഎഫിനെ എത്തിച്ചത്. എല്ഡിഎഫില് സിപിഎമ്മിനാണ് പുതുപ്പള്ളി മണ്ഡലം.
കഴിഞ്ഞ തവണ മത്സരിച്ച ജയ്ക് സി. തോമസ്, റെജി സഖറിയ എന്നിവരുടെ പേരുകളാണ് ഉയർന്നുകേൾക്കുന്നത്. കഴിഞ്ഞ രണ്ടു തവണ മത്സരിച്ച ജയ്ക് സി. തോമസ് കഴിഞ്ഞ തവണ നേടിയ വോട്ട് വലിയ നേട്ടമായി കണ്ട് വീണ്ടും രംഗത്തിറക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.
അതേസമയം, സ്വതന്ത്രസ്ഥാനാര്ഥിയെ നിര്ത്താനും സിപിഎമ്മിൽ ചർച്ച നടക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പില് പാര്ട്ടി അംഗത്തെ മത്സരിപ്പിക്കുന്നത് നല്ലതല്ലെന്ന നിലപാടും സിപിഎമ്മിനുണ്ട്.
സഹതാപ തരംഗമുണ്ടായാല് പാര്ട്ടി സ്ഥാനാര്ഥിക്ക് കനത്ത തോല്വി ഏറ്റുവാങ്ങേണ്ടി വരും. സഹതാപ തരംഗത്തില് പുതുപ്പള്ളിയുടെ ചരിത്രത്തിലെ തന്നെ വലിയ ഭൂരിപക്ഷത്തിനു കോണ്ഗ്രസ് വിജയിക്കുന്ന സാഹചര്യമുണ്ടായാല് വലിയ തിരിച്ചടിയെന്ന പ്രചാരണം ഉണ്ടാകും.
എന്ഡിഎയില് ബിജെപിക്കാണ് പുതുപ്പള്ളി. എന്. ഹരിയാകും സ്ഥാനാര്ഥിയെന്ന് ഏറെക്കുറെ ധാരണയായി. ഉപതെരഞ്ഞെടുപ്പ് ചര്ച്ചകള് സജീവമായതോടെ കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായി പുതുപ്പള്ളി മാറി. ഇന്നത്തെ അനുശോചന യോഗം കഴിഞ്ഞാലുടന് കോണ്ഗ്രസും സ്ഥാനാര്ഥി ചര്ച്ചകള് സജീവമാക്കും.