പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ പ്രചാരണത്തിന് ആവേശം പകരാന്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്ന് പുതുപ്പള്ളി മണ്ഡലത്തില്‍ എത്തും.
വൈകിട്ട് അഞ്ചിന് മണര്‍കാട് നടക്കുന്ന പൊതുയോഗം കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, കര്‍ണാടക മന്ത്രി കെ.ജെ. ജോര്‍ജ് എന്നിവരും യോഗത്തില്‍ പങ്കെടുക്കും.
ചാണ്ടി ഉമ്മന്‍ ഇന്ന് കൂരോപ്പട പഞ്ചായത്തില്‍ പര്യടനം നടത്തും. രാവിലെ എട്ടിന് കോത്തല 12-ാം മൈലില്‍നിന്നു പര്യടനം ആരംഭിച്ചു. പര്യടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വൈകിട്ട് 6.30ന് പര്യടനം കൂരോപ്പട ടൗണില്‍ സമാപിക്കും.
മണര്‍കാട്, അയര്‍ക്കുന്നം മേഖലകളിൽ എൽഡിഎഫ് പര്യടനം
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ മണ്ഡലപര്യടനം ഇന്നു രാവിലെ മണര്‍കാട് പൊടിമറ്റത്തുനിന്ന് ആരംഭിച്ചു. മണര്‍കാട്, അയര്‍ക്കുന്നം പഞ്ചായത്തുകളിലാണ് ഇന്നു പര്യടനം. കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ. മാണി എംപി പര്യടനം ഉദ്ഘാടനം ചെയ്തു. വിവിധ ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.
മണര്‍കാട് പഞ്ചായത്തിലെ പൊടിമറ്റത്തുനിന്ന് ആരംഭിച്ച പര്യടനം തുരുത്തിപ്പടിയില്‍ അവസാനിക്കും തുടര്‍ന്ന് അയര്‍ക്കുന്നം പഞ്ചായത്തിലെ തെങ്ങണാംകുന്നില്നിന്ന് ആരംഭിക്കുന്ന സ്ഥാനാര്‍ഥി പര്യടനം പൂവത്തുംമൂടില്‍ സമാപിക്കും.
വോട്ടർമാരെ നേരിൽകണ്ട് ലിജിൻ ലാൽ
എന്‍ഡിഎ സ്ഥാനാര്‍ഥി ജി. ലിജിന്‍ ലാല്‍ ഇന്ന് അയര്‍ക്കുന്നം പഞ്ചായത്തില്‍ വാഹന പര്യടനം നടത്തും.
തിരുവഞ്ചൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് വി.ജി. രമയാണ് പര്യടനം ഉദ്ഘാടനം ചെയ്തത്. വൈകിട്ട് അയര്ക്കുന്നത്തുനടക്കുന്ന സമാപന സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് ഉദ്ഘാടനം ചെയ്യും.
ഇന്നലെ പുതുപ്പള്ളി ഏറികാട് മേഖലകളില്‍ സമ്മതിദായകരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥിച്ചു. ബൂത്തുകളും സന്ദര്‍ശിച്ചു. ബിജെപി സംസ്ഥാന വക്താവ് നാരായണന് നമ്പൂതിരി പര്യടനം ഉദ്ഘാടനം ചെയ്തു.
വിവിധ പോയിന്റുകളില്‍ സ്വീകരണം ഏറ്റുവാങ്ങി. നൂറുകണക്കിനു പ്രവര്‍ത്തകര്‍ സ്വീകരണ യോഗങ്ങളില്‍ പങ്കെടുത്തു.
ദേശീയ, സംസ്ഥാന നേതാക്കള്‍ പ്രചാരണത്തിരക്കിൽ
പുതുപ്പള്ളി: വെട്ടെടുപ്പിനു 10 ദിവസം ബാക്കി നില്‍ക്കെ പുതുപ്പള്ളിയിലെ പ്രചാരണരംഗം സജീവമായി. ദേശീയ, സംസ്ഥാന നേതാക്കള്‍ പുതുപ്പള്ളിയില്‍ പ്രചാരണത്തിരക്കിലാണ്.
പുതുപ്പള്ളി മണ്ഡലത്തിലെയും സമീപപ്രദേശങ്ങളിലെയും ഹോട്ടലുകളെല്ലാം നിറഞ്ഞുകഴിഞ്ഞു. സാധാരണ നിരക്കിലും ഉയര്‍ന്ന തുകയാണു പല ഹോട്ടലുകളും ഈടാക്കുന്നത്. മണ്ഡലത്തിലെ പൂട്ടിക്കിടന്ന വീടുകള്‍ വരെ വാടകയ്ക്കു പോയി. പുതുപ്പള്ളി, മണര്‍കാട്, പാമ്പാടി പ്രദേശങ്ങളില്‍ വീടുകൾ വാടയ്ക്കു ലഭിക്കാനേയില്ല.
രാഷ്ട്രീയ നേതാക്കള്‍, എംപിമാര്‍, എംഎല്‍എമാര്‍ വരെ പുതുപ്പള്ളിയില്‍ താമസിച്ചാണു പ്രചാരണത്തിനെത്തുന്നത്. വിവിധ സ്ഥലങ്ങളില്‍നിന്നെത്തിയ മാധ്യമപ്രവര്‍ത്തകർ താമസിക്കുന്നതിനും വീടുകളെയാണു ആശ്രയിക്കുന്നത്.
പതിവിലും കവിഞ്ഞ തിരക്ക് പുതുപ്പള്ളിയിലെ സാധാരണക്കാരുടെ ജീവിതത്തെ ബാധിച്ചതായി ആളുകൾ പറയുന്നു. വാഹനങ്ങള്‍ അമിതവേഗതയില്‍ പായുന്നതു കാരണം സാധാരണക്കാര്‍ക്ക് വഴി നടക്കുവാന്‍ പോലും സാധിക്കാതെയായി. കവലകള്‍ തോറും സമ്മേളനങ്ങൾ നടക്കുന്നതോടെ വ്യാപാരികളും ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
ഓണത്തിനുള്ള കച്ചവടം പൊടിപൊടിക്കാമെന്നു കരുതിയിരുന്ന വ്യാപാരികളെ തെരഞ്ഞെടുപ്പു പ്രതികൂലമായി ബാധിച്ചു. വഴിനീളെ പരിശോധനയുമായി പോലീസ്, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയതും മണ്ഡലത്തിലെ ജനങ്ങള്‍ക്കു ദുരിതമായി.
അത്യാവശ്യ യാത്രക്കാരെ പോലും ഉദ്യോഗസ്ഥര്‍ വെറുതേവിടുന്നില്ല. തെരഞ്ഞെടുപ്പു പരിശോധനയുടെ പേരില്‍ യാത്രക്കാരെ വാഹനങ്ങളില്‍നിന്ന് ഇറക്കി നിര്‍ത്തിയാണു പലസ്ഥലങ്ങളിലും പരിശോധന. കൊച്ചുകുട്ടികളുമായി പോകുന്ന വാഹനങ്ങള്‍ വരെ പരിശോധനയുടെ പേരില്‍ കൂടുതല്‍ നേരം പിടിച്ചിടുന്നതായും ആരോപണമുണ്ട്.