ജോണ്സണ് വേങ്ങത്തടം
പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം തകര്‍ക്കുകയാണ്. പുതുപ്പള്ളിയില്‍നിന്നു ലഭിക്കുന്ന ജനകീയപിന്തുണയില് മുന്നേറ്റംതുടരുന്ന ചാണ്ടി ഉമ്മനും മുഖ്യമന്ത്രിയുടെ വരവ് സൃഷ്ടിച്ച ആവേശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും ചിട്ടയോടെയുള്ള പ്രവര്‍ത്തനത്തില്‍ ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാലും പുതിയൊരു തരംഗത്തില്‍ ആംആദ്മി പാര്‍ട്ടിയും പുതുപ്പള്ളിയെ ചൂടുപ്പിടിപ്പിച്ചിരിക്കുകയാണ്.
കുടുംബസമ്മേളനങ്ങളും വികസനസദസുകളും വാഹനപ്രചാരണകളും കൊണ്ട് പുതുപ്പള്ളി ആവേശത്തിലാണ്. കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ തെരഞ്ഞെടുപ്പിനെ ആവേശേത്തോടെ നോക്കികാണുന്നതാണ് സ്ഥാനാര്‍ഥികളെയും ആവേശത്തിലാക്കുന്നത്.
പുതുപ്പള്ളിയെക്കുറിച്ചു സ്ഥാനാര്‍ഥികളും നേതാക്കളും മാത്രമല്ല, പുതുപ്പള്ളി ഒന്നാകെ സംസാരിച്ചുതുടങ്ങിയിരിക്കുന്നു.
സൈബര്‍ആക്രമണം
പതിവുപോലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ഉപതെരഞ്ഞെടുപ്പ് കാമ്പയിന് സജീവമാണ്. ഉമ്മന്‍ചാണ്ടിയുടെ കബറടത്തില്‍ നിന്ന് ആരംഭിച്ച സൈബര്‍ ആക്രമണം അവസാനം മകള്‍ അച്ചു ഉമ്മനില്‍ വന്നു നില്‍ക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കെതിരേ പ്രചാരണമാകാമെങ്കില് ഉമ്മന്‍ചാണ്ടിയുടെ മകള്‍ക്കെതിരേയും ആകാമെന്ന നിലപാടുമായിട്ടാണ് സൈബര്‍ ആക്രമണം തുടരുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ഉമ്മന്റെ പുതിയ മോഡല്‍ വസ്ത്രങ്ങളെയും യാത്രകളെയും ഒക്കെയാണ് ചിലര്‍ വിമര്‍ശന വിധേയമാക്കുന്നത്.
സ്വന്തമായി ഒന്നും സമ്പാദിക്കാത്ത പുതുപ്പള്ളിയില്‍ സ്വന്തമായി വീടില്ലാത്ത ഉമ്മന്‍ ചാണ്ടിയുടെ മകളുടെ ആര്‍ഭാട ജീവിതത്തിന്റെ കണക്കെന്നു പറഞ്ഞാണ് ചിലരുടെ അധിക്ഷേപം.
ഇതിനു മറുപടിയുമായി അച്ചു ഉമ്മന്‍ രംഗത്തെത്തിയെങ്കിലും സൈബർ ആക്രമണത്തിനു കുറവൊന്നുമില്ല. തന്റെ പ്രഫഷനില്‍ പിതാവ് ഉമ്മന്‍ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും സ്വന്തമാക്കിയിട്ടില്ലെന്ന് അച്ചു ഉമ്മന്‍ വ്യക്തമാക്കി.
പുതിയ മോഡല്‍ വസ്ത്രങ്ങള്‍, ഫാഷന്‍ സമീപനങ്ങള്‍, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും അച്ചു വ്യക്തമാക്കിയിട്ടും സൈബര്‍ സംഘം പിന്നോട്ടുപോകുന്നില്ല.
അച്ചു ഉമ്മനെതിരേയുള്ള സൈബര്‍ ആക്രമണത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് തള്ളിപ്പറഞ്ഞതും ശ്രദ്ധേയമായി. മുന്‍ മുഖ്യമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കുടുംബത്തിനു നേരെയുള്ള സൈബര്‍ ആക്രമണത്തെ അംഗീകരിക്കുന്നില്ലെന്നും അതെല്ലാം മര്യാദയില്ലാത്ത പ്രചാരണരീതിയാണെന്നുമാണ് ജെയ്ക് വ്യക്തമാക്കുന്നത്.
യുഡിഎഫ് തിരിച്ചടിക്കുന്നു
മാസപ്പടി ഉള്‍പ്പെടെ ഒരു വിഷയത്തിലും മറുപടിയില്ലാത്ത എല്‍ഡിഎഫാണ് സൈബര്‍ ആക്രമണം നടത്തുന്നതെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.
ഉമ്മന്‍ചാണ്ടി പുണ്യാളനല്ലെന്നും പുതുപ്പള്ളി പള്ളിയിലെ കബറടത്തില്‍ പോകുന്നതിനെയും പരിഹസിച്ച എല്‍ഡിഎഫ് അതില്‍നിന്നും പിന്മാറിയതും തിരിച്ചടിയാകുമെന്ന തിരിച്ചറിവിലാണ്.
പുതുപ്പള്ളിയില്‍ വികസനമില്ലെന്നു ചൂണ്ടിക്കാട്ടി പാലത്തിന്റെ പടം നല്കി സൈബര്‍ ആക്രമണം നടത്തിയെങ്കിലും ഏറ്റുമാനൂരിലെ തടിപ്പാലമാണെന്നു തിരിച്ചറിഞ്ഞു അതില്‍നിന്നു പിന്നോട്ടു പോകുകയായിരുന്നു.
അവസാനം ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചുവിനെതിരേയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. പഠിച്ചു ജോലി വാങ്ങിയവരാണ് ഉമ്മന്‍ചാണ്ടിയുടെ മൂന്നുമക്കളും ജീവിക്കുന്നതെന്നു യുഡിഎഫ് വ്യക്തമാക്കുന്നു.
അച്ചു ഉമ്മന്റെ വിഷയത്തില്‍ പുതുപ്പള്ളിയിലെ കുടുംബങ്ങളില്‍നിന്നും തിരിച്ചടി ലഭിക്കാന്‍ തുടങ്ങിയപ്പോഴാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സൈബര്‍ ആക്രമണത്തെ എതിര്ത്തുരംഗത്തുവന്നിരിക്കുന്നതെന്നും യുഡിഎഫ് ചൂണ്ടിക്കാട്ടുന്നു.
പുതുപ്പള്ളിയില്‍ വികസനമില്ലെന്നു പറഞ്ഞു തുടങ്ങിയവര്‍ നിലവില്‍ പുതുപ്പള്ളിക്കാരോട് എന്ത് പറയുമെന്നറിയാതെ വിഷമിക്കുകയാണെന്നുമാണ് യുഡിഎഫ് തിരിച്ചടിക്കുന്നത്.
പുതുപ്പള്ളിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മാസപ്പടി ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍ മൗനം പാലിച്ചുകടന്നു പോകുകയായിരുന്നുവെന്നും യുഡിഎഫ് കുറ്റപ്പെടുത്തുന്നു.
ആം ആദ്മിയുടെ വാര്‍റൂം
പുതുപ്പള്ളിയില്‍ പുതിയ പോര്‍മുഖം തുറന്നുകൊണ്ട് ഡല്‍ഹി ഉള്‍പ്പെടെ വിവിധ പ്രാദേശിക തെരഞ്ഞെടുപ്പുകള്‍ക്കു നേതൃത്വം നല്കിയ ആം ആദ്മി ഇലക്ഷന് വാര് റൂം അംഗങ്ങള്‍ പുതുപ്പള്ളിയില്‍ പ്രവര്‍ത്തനമാരംഭിച്ചു.
സാധാരണ ജനങ്ങളെ ബാധിക്കുന്ന നിരവധിയായ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമാക്കുന്നതിലൂടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് കേരളത്തില്‍ വലിയൊരു രാഷ്ട്രീയ മുന്നേറ്റത്തിന് തുടക്കം കുറിക്കുമെന്നാണ് ആം ആദ്മി അഭിപ്രായപ്പെടുന്നത്.