കോട്ടയം: നാളെ നടക്കുന്ന ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂര്‍ത്തീകരിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരിയും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തികും അറിയിച്ചു.
സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും ഒരുക്കങ്ങളും നടത്തിയിട്ടുണ്ട്.നാളെ രാവിലെ ഏഴു മുതല്‍ ആറു വരെയാണ് വോട്ടെടുപ്പ്. ഏഴു സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്.
90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാന്‍സ്ജെന്‍ഡറുകളും അടക്കം 1,76,417 വോട്ടര്‍മാരാണുള്ളത്. 957 പുതിയ വോട്ടര്‍മാരുണ്ട്.
ഹരിതചട്ടം പാലിച്ചാണ് തെരഞ്ഞെടുപ്പ് നടക്കുക. ജില്ലാ മജിസ്ട്രേറ്റ് ജി. നിര്‍മല്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ എന്‍. ബാലസുബ്രഹ്മണ്യം എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പോളിംഗ് സാമഗ്രികളുടെ വിതരണം
വോട്ടെടുപ്പിനുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം കോട്ടയം ബസേലിയോസ് കോളജില്‍ ആരംഭിച്ചു. 228 വീതം കണ്ട്രോള്, ബാലറ്റ് യൂണിറ്റുകളുടെയും വിവി പാറ്റുകളുമാണ് തയാറാക്കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് 872 ഉദ്യോഗസ്ഥര്‍
വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 പ്രിസൈഡിംഗ് ഓഫീസര്‍, 182 ഫസ്റ്റ് പോളിംഗ് ഓഫീസര്‍, 182 സെക്കന്‍ഡ് പോളിംഗ് ഓഫീസര്‍, 182 തേഡ് പോളിംഗ് ഓഫീസര്‍ എന്നിങ്ങനെയാണ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുള്ളത്.
144 ഉദ്യോഗസ്ഥരെ റിസര്‍വ് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടെ അഞ്ചുപേരായിരിക്കും ഒരു പോളിംഗ് സംഘത്തിലുണ്ടാവുക. 16 സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.
മുഴുവന്‍ ബൂത്തുകളിലും വെബ്കാസ്റ്റിംഗ്
182 പോളിംഗ് ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാളെ രാവിലെ 5.30 മുതല്‍ പോളിംഗ് അവസാനിക്കുന്നതുവരെയുള്ള പോളിംഗ് ബൂത്തുകളിലെ നടപടിള്‍ കളക്ട്രേറ്റിലെ കണ്ട്രോള് റൂമിലൂടെ തത്സമയം വീക്ഷിക്കാന്‍ കഴിയും.
സി-ഡിറ്റ്, ഐടി മിഷന്, അക്ഷയ, ബിഎസ്എന്‍എല്‍ എന്നിവ സംയുക്തമായാണ് സംവിധാനമൊരുക്കുന്നത്. പോളിംഗ് സ്റ്റേഷന്റെ 100 മീറ്റര്‍ പരിധിക്കുള്ളില്‍ മൊബൈല്‍ ഫോണുകള്‍ കൈയില്‍ കരുതാനോ ഉപയോഗിക്കാനോ അനുവദിക്കില്ല.
തെരഞ്ഞെടുപ്പു കമ്മീഷന് നിയോഗിച്ചിട്ടുള്ള നിരീക്ഷകര്‍ക്കും തെരഞ്ഞെടുപ്പ്, സുരക്ഷാ ജീവനക്കാര്‍ക്കും മാത്രമാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതിയുള്ളത്.
സുരക്ഷയ്ക്ക് കേന്ദ്ര സായുധ പോലീസും
വോട്ടെടുപ്പിന്റെ സുരക്ഷയ്ക്കായി 675 അംഗ പോലീസ് സേനയെയാണ് നിയോഗിച്ചിരിക്കുന്നത്. അഞ്ച് ഡിവൈഎസ്പിമാര്‍, ഏഴ് സിഐമാര്‍, 58 എസ്ഐ/എഎസ്ഐമാര്‍, 399 സിവില്‍ പോലീസ് ഓഫീസര്‍മാര്‍, 142 സായുധപോലീസ് ബറ്റാലിയന് അംഗങ്ങള്‍, 64 കേന്ദ്ര സായുധപോലീസ് സേനാംഗങ്ങള്‍ (സിഎപിഎഫ്) എന്നിവരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.
എഡിജിപി, ഡിഐജി, സോണല്‍ ഐജി, ജില്ലാ പോലീസ് ചീഫ് എന്നിവരുടെ നേതൃത്വത്തില്‍ സ്ട്രൈക്കിംഗ് ഫോഴ്സും പ്രവര്‍ത്തിക്കും.
തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം
വോട്ട് ചെയ്യുന്നതിന് ഫോട്ടോ പതിച്ച വോട്ടര്‍ തിരിച്ചറിയൽ കാര്‍ഡാണ് വോട്ടറെ തിരിച്ചറിയാനുള്ള പ്രധാന രേഖ. തിരിച്ചറിയല്‍ കാര്‍ഡ് ഹാജാരാക്കാന്‍ പറ്റാത്തവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ച രേഖകളും തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം. താഴെപ്പറയുന്ന തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കിയാലും വോട്ട് ചെയ്യാം.
- ആധാര്‍ കാര്‍ഡ്
- മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി തിരിച്ചറിയല്‍ കാര്‍ഡ്
- ബാങ്ക്/പോസ്റ്റ് ഓഫീസ് നല്കിയ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ്
- തൊഴില്‍ മന്ത്രാലയത്തിന്റെ പദ്ധതി പ്രകാരം നല്‍കിയിട്ടുള്ള ആരോഗ്യപരിരക്ഷാ സ്മാര്‍ട്ട് കാര്‍ഡ് -ഡ്രൈവിംഗ് ലൈസന്‍സ്
- പാന്‍കാര്‍ഡ്
- ദേശീയ ജനസംഖ്യ രജിസ്റ്ററിനു കീഴില്‍(എന്‍പിആര്‍) കീഴില്‍ രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ(ആര്‍ജിഐ) നല്കിയ സ്മാര്‍ട്ട് കാര്‍ഡ്
- ഇന്ത്യന്‍ പാസ്പോര്‍ട്ട്
- ഫോട്ടോ പതിച്ച പെന്ഷന് രേഖ
- കേന്ദ്ര/സംസ്ഥാന/പൊതുമേഖലാ/പബ്ലിക് ലിമിറ്റഡ് കമ്പനികളുടെ ജീവനക്കാര്‍ക്കു നല്കുന്ന സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്
- എംപി/എംഎല്‍എ/എംഎല്‍സി എന്നിവര്‍ക്കു നല്കുന്ന ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്
- ഭാരത സര്‍ക്കാര്‍ സാമൂഹികനീതി- ശാക്തീകരണമന്ത്രാലയം നല്കുന്ന സവിശേഷ ഭിന്നശേഷി തിരിച്ചറിയല്‍ കാര്‍ഡ്