ജോമി കുര്യാക്കോസ്
പുതുപ്പള്ളി: പതിറ്റാണ്ടുകൾക്കുശേഷം യുവാക്കള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന പുതുപ്പള്ളിയില്‍ പ്രചാരണം ഇക്കുറി തീപാറും. ആരോപണ-പ്രത്യാരോപണങ്ങളുമായി മൂന്നു മുന്നണികളും കളം നിറഞ്ഞുകഴിഞ്ഞു.
ഉമ്മൻചാണ്ടിയുടെ വിയോഗത്തെത്തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് രംഗത്തിറക്കിയ മകൻ ചാണ്ടി ഉമ്മൻ ഏറെമുന്നിലായിക്കഴിഞ്ഞു. ചാണ്ടി ഉമ്മന്റെ മണ്ഡലപര്യടനം തുടർന്നു വരികയാണ്.
14നു യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് കണ്വന്ഷന് നടക്കും. പ്രമുഖ നേതാക്കൾ ഇപ്പോൾതന്നെ മണ്ഡലത്തിലുണ്ട്.കഴിഞ്ഞ രണ്ടുതവണ ഉമ്മന്‍ ചാണ്ടിക്കെതിരേ മത്സരിച്ച ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ജയ്ക് സി. തോമസാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. മുപ്പത്തിയേഴുകാരനായ ചാണ്ടി ഉമ്മന്റെ കന്നി മത്സരമാണ്.
മുപ്പത്തിമൂന്നുകാരനായ ജെയ്ക്കിന് ഇത് മൂന്നാം വട്ടവും. 2016, 2021 വർഷങ്ങളിൽ പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിക്കെതിരേ ജെയ്ക് മത്സരിച്ചിരുന്നു.
17നായിരിക്കും ജെയ്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുക. 16ന് മണര്‍കാട്ടു ചേരുന്ന നിയോജകമണ്ഡലം കണ്‍വന്‍ഷനോടെ എല്‍ഡിഎഫിന്റെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് ഔദ്യോഗിക തുടക്കമാകും.
എം.വി. ഗോവിന്ദന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയന് രണ്ടു യോഗങ്ങളില്‍ പങ്കെടുക്കും.ഇന്ന് തൃശൂരില്‍ ചേരുന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജെപി സ്ഥാനാര്‍ഥിയെ സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കും. ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാലിനാണു പ്രഥമ പരിഗണന.
ജില്ലാ സെക്രട്ടറി ഇ.എസ്. സോബിന്‍ ലാലിന്റെ പേരും ബിജെപി ജില്ലാ നേതൃയോഗം സംസ്ഥാന കോര്‍ കമ്മിറ്റിക്കു കൈമാറിയിട്ടുണ്ട്. ഇന്നത്തെ യോഗത്തിനുശേഷം സെന്‍ട്രല്‍ പാര്‍ലമെന്റ് ബോര്‍ഡ് ബിജെപി സ്ഥാനാര്‍ഥിയെ ഇന്നു വൈകിട്ടോ നാളെയോ പ്രഖ്യാപിക്കും.