കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ സമദൂര സിദ്ധാന്തം തുടരുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍.
എന്‍എസ്എസിന്റെ പരമ്പരാഗത നിലപാടില്‍ തത്കാലം മാറ്റം വേണ്ടെന്നാണു തീരുമാനമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ ഗണപതി പരാമര്‍ശത്തില്‍ തത്കാലം പ്രതികരിക്കാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
ഗണപതി വിഷയത്തില്‍ നാമജപഘോഷയാത്രയുമായി സര്‍ക്കാരിനും സിപിഎമ്മിനുമെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന എന്‍എസ്എസും ജി. സുകുമാരന്‍ നായരും ഈ വിഷയത്തില്‍ നിലപാടു മയപ്പെടുത്തിയിരിക്കുകയാണ്.
എന്‍എസ്എസിന്റെ പ്രതികരണം ഇടതുമുന്നണിയെ സംബന്ധിച്ച് ആശ്വാസമായിരിക്കുകയാണ്.ഇന്നലെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റംഗം മന്ത്രി വി.എന്‍. വാസവനോടൊപ്പം എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയ ജയ്ക് സി. തോമസ് ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് എന്‍എസ്എസിന്റെ സുപ്രധാനമായ നിലപാടു പുറത്തുവന്നിരിക്കുന്നത്.യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിറ്റേന്നു തന്നെ എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയിരുന്നു.