പുതുപ്പള്ളി: നാടും നഗരവും ഓണനാളുകളുടെ തിരക്കിലാണ്. ആഘോഷദിനങ്ങൾക്കിടയിലും പുതുപ്പള്ളി തെരഞ്ഞെടുപ്പു ചൂടിലാണ്. പതിനാറാം നാള് പുതുപ്പള്ളിയിലെ വോട്ടര്‍മാര്‍ തങ്ങളുടെ പുതിയ ജനപ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ വിധിയെഴുതും.
വോട്ടെടുപ്പിനായി ദിവസങ്ങള്‍ ബാക്കിനില്‍ക്കെ മൂന്നു മുന്നണികളും പ്രചാരണം ഊര്‍ജിതമാക്കി. ഇന്നലെ സ്ഥാനാര്‍ഥികളുടെ പ്രസ്താവനയുമായി പ്രവര്‍ത്തകര്‍ വീടുകള്‍ കയറി.
യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്റെ വാഹനപര്യടനത്തിനു ഇന്നു രാവിലെ പാമ്പാടിയില്‍ തുടക്കമായി. ജെയ്ക് സി. തോമസിന്റെയും ലിജിന്‍ ലാലിന്റെയും വാഹനത്തിലുള്ള പര്യടനം അടുത്ത ദിവസം ആരംഭിക്കും.
മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് പ്രചാരണം കൊഴുപ്പിക്കുമ്പോള്‍ വികസനം മാത്രംചര്ച്ചയാക്കിയാണ് എല്‍ഡിഎഫ് പ്രചാരണം. ബിജെപിയാകട്ടെ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരേ പോലെ കടന്നാക്രമിക്കുകയാണ്.
നേതാക്കളും പ്രവര്‍ത്തകരും വരും ദിവസങ്ങളില്‍ പുതുപ്പള്ളിയില്‍ തമ്പടിക്കുന്നതോടെ പ്രചാരണം ടോപ് ഗിയറിലാകും.
ജനങ്ങൾക്കിടയിൽ ചാണ്ടി
പേടിക്കണ്ടാ സാറേ സാധു വെറും സാധുവാ… ധൈര്യമായി പോരെ സൂര്യസുബ്രഹ്മണ്യ നമ്പൂതിരി അത് പറഞ്ഞെങ്കിലും പാപ്പാന് ബിനു ചേട്ടന് കൂടി ഉറപ്പിച്ച് പറഞ്ഞപ്പോഴാണ് ഗജവീരന് പുതുപ്പള്ളി സാധുവിന്റെ സമീപത്തേക്കു പഴവുമായി ചാണ്ടി ഉമ്മന്‍ ചെന്നത്.
പ്രശ്നക്കാരനല്ലന്ന് മനസിലായതോടെ പഴം വീണ്ടും കൊടുത്തു. തകൃതിയായി പഴം കിട്ടിയതുകൊണ്ടാകാം ചാണ്ടി ഉമ്മന്റെ കൂടെ കുറച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും സാധു മടിച്ചില്ല.
സൂര്യകാലടി മനയില്‍ നടന്ന വിനായക ചതുര്‍ഥി ആഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് പുതുപ്പള്ളി സാധുവിന് സ്ഥാനാര്‍ഥി ആനയൂട്ട് നടത്തിയത്. പള്ളികളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ചായിരുന്നു ചാണ്ടി ഉമ്മന്റെ ഇന്നലത്തെ പ്രചാരണം.
ഞായറാഴ്ച പള്ളികളില്‍ പ്രാര്‍ഥനയ്ക്കെത്തിയ വിശ്വാസികളെ നേരില്‍ കണ്ടു. വളളിക്കാട്ട് ദയറ, വാകത്താനം സെന്റ് ആദായീസ് ജാക്കോബായ സുറിയാനി പള്ളി, വെള്ളൂര്‍ ഇന്ത്യ പെന്തകോസ്റ്റ് ദൈവസഭ, കുറ്റിക്കല്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ചര്‍ച്ച്, മണര്‍ക്കാട് ശ്രീ ഭഗവതി ക്ഷേത്രം, സെന്റ് ജോര്‍ജ് കാത്തലിക് ചര്‍ച്ച്, താബോര്‍ വര്‍ഷിപ്പ് സെന്റ്ര് എന്നിവിടങ്ങളിലും ചാണ്ടി ഉമ്മന്‍ സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു.
വികസനം പറഞ്ഞ് ജെയ്ക്
പുതുപ്പള്ളിയുടെ വികസനം മാത്രം ചര്‍ച്ചയാക്കി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ ഇന്നലെ പുതുപ്പള്ളിയില്‍ വികസന സന്ദേശ സദസ് സംഘടിപ്പിച്ചു.
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി മാറിയ സെന്റ് ജോര്‍ജ് വിഎച്ച്എസ്എസില്നിന്നു മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ ആരംഭിച്ച വികസന സന്ദേശ യാത്ര പുതുപ്പള്ളിയില്‍ സമാപിച്ചു. തുടര്‍ന്നു നടന്ന വികസന സന്ദേശ സദസും തോമസ് ഐസക് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ ജനപ്രതിനിധികളും സ്ഥാനാര്‍ഥി ജെയ്ക് സി. തോമസും സദസില്‍ പങ്കെടുത്തു. 23, 24നു മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും വികസന സദസ് നടത്തും.
വനിതകളെ പങ്കെടുപ്പിച്ചു വനിതാ അസംബ്ലിയും അടുത്ത ദിവസം പുതുപ്പള്ളിയില്‍ നടക്കും. ഇന്നലെ തോട്ടയ്ക്കാട് മാര്‍ക്കറ്റില്‍ നിന്നുമാണ് ജെയ്ക് സി. തോമസ് പര്യടനം തുടങ്ങിയത്.
വീടുകളില്‍ പൂക്കളമിടുന്നവര്ക്കൊപ്പവും സ്ഥാനാര്‍ഥി ചേര്‍ന്നു. മാര്‍ക്കറ്റിലെ ഓരോ കടകളിലും സ്ഥാനാര്‍ഥി കയറിയിറങ്ങി. ഓട്ടോ ടാക്സി തൊഴിലാളികളോടും കുശലം പറഞ്ഞു വോട്ടഭ്യര്‍ഥന തുടര്‍ന്ന സ്ഥാനാര്‍ഥിക്ക് വന്‍ വരവേല്‍പ്പാണു ലഭിച്ചത്.
വോട്ടർമാരോടൊപ്പം പൂക്കളമിട്ട് ലിജിൻ
മള്ളിയൂര്‍ ക്ഷേത്രത്തിലും സൂര്യകാലടിമനയിലും ദര്‍ശനം നടത്തിയശേഷമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ പ്രചാരണം ആരംഭിച്ചത്.
മണര്‍കാട് എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സ്ഥാനാര്‍ഥി പ്രവര്‍ത്തകര്‍ക്കൊപ്പം അത്തപൂക്കളവുമിട്ടു. അകലക്കുന്നം പഞ്ചായത്തിലെത്തിയ സ്ഥാനാര്‍ഥി വീടുകളിലും കടകളിലും എത്തി വ്യക്തിപരമായി വോട്ടഭ്യര്‍ഥിച്ചു.
ചെങ്ങളം സെന്റ് ആന്റണീസ് പള്ളിയിലുമെത്തി. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റ് ഭാഗമായി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് പുതുപ്പള്ളിയില്‍ ചേര്‍ന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഡോ. രാധാമോഹന്‍ അഗര്‍വാള്‍ എംപി ഉദ്ഘാടനം ചെയ്തു.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് അധ്യക്ഷത വഹിച്ചു. ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, പി.കെ. കൃഷ്ണദാസ്, സി. കെ. ജാനു, ഒ. രാജഗോപാല്‍, എ.ജി. തങ്കപ്പന്, എം. മെഹബൂബ്, നാഷണല്‍ കേരള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കുരുവിള മാത്യൂസ്, എല്‍ജെപി സംസ്ഥാന സെക്രട്ടറി രമ ജോര്‍ജ് തുടങ്ങിയ ്എന്ഡിഎ നേതാക്കൾ പങ്കെടുത്തു.