പുതുപ്പള്ളി: തിരുവോണദിനത്തിൽ യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മനു കാര്യമായ പരസ്യപ്രചാരണമില്ല. പിതാവ് ഉമ്മന്‍ ചാണ്ടിയുടെ മരണം മൂലം ഓണാഘോഷവും ഇല്ലായിരുന്നു.
പ്രവര്‍ത്തകരോടൊപ്പം ഓണസദ്യയില്‍ പങ്കു ചേര്‍ന്നു.വീട്ടിലിരുന്നു ഫോണിലൂടെ വോട്ടഭ്യര്‍ഥിക്കാനാണു കൂടുതല്‍ സമയവും ചെലവഴിച്ചത്.
പ്രമുഖ വ്യക്തികളെ വിളിച്ച് ഓണാശംസകള്‍ നേര്‍ന്നും വോട്ടര്‍മാരെ ഫോണില്‍ വിളിച്ച് വോട്ടുറപ്പിക്കാനും സമയം കണ്ടെത്തി. ഉച്ചകഴിഞ്ഞ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്ന ഓണാഘോഷങ്ങളില്‍ ഒരു ഓട്ട പ്രദക്ഷിണവും നടത്തി.
മെഡിക്കൽ കോളജിലെ പൊതിച്ചോര്‍ വിതരണത്തില്‍ പങ്കെടുത്ത് ജെയ്ക്
പുതുപ്പള്ളി: ഇടതു സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് തിരുവോണദിനത്തിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി മെഡിക്കല്‍ കോളജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്കുന്ന പൊതിച്ചോര്‍ വിതരണത്തില്‍ പങ്കാളിയായി. ഓണക്കറികള്‍ കൂട്ടിയുള്ള പൊതിച്ചോറും പായസവുമാണ് മൂവായിരത്തോളം പേര്‍ക്കു വിതരണം ചെയ്തത്.
വെള്ളൂര്‍ ഗ്രാമറ്റത്ത് അമ്മവീട്ടില്‍ അന്തേവാസികള്‍ക്കൊപ്പമായിരുന്നു ജെയ്ക്കിന്റെ ഓണസദ്യ. അമ്മമാരോട് ഓരോരുത്തരോടും ക്ഷേമാന്വേഷണം നടത്തിയ ജെയ്ക് ഓണവിശേഷങ്ങളും പങ്കിട്ടു.
ലിജിന്‍ ലാലിന്റെ ഓണസദ്യ ലക്ഷ്മിക്കുട്ടിയമ്മയ്ക്കൊപ്പം
പുതുപ്പള്ളി: അടിയന്തരാവസ്ഥയില്‍ ജയില്‍വാസം അനുഭവിച്ച കൂരോപ്പട സ്വദേശിനിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായ പതാലില്‍ ലക്ഷ്മിക്കുട്ടിയമ്മയ്ക്കൊപ്പമായിരുന്നു എൻഡിഎ സ്ഥാനാർഥി ലിജിന്‍ ലാലിന്റെ ഓണസദ്യ.
ലക്ഷ്മിക്കുട്ടിയമ്മയുടെ മകനും കര്‍ഷക മോര്‍ച്ച മുന്‍ സംസ്ഥാന പ്രസിഡന്റും സേവാ ഭാരതി ഇന്‍ ചാര്‍ജുമുള്ള പി.ആര് മുരളീധരന്, ഹരികൃഷ്ണന്, ബിജെപി ജില്ലാ സെക്രട്ടറി അഖില്‍ രവീന്ദ്രന്, അയര്‍ക്കുന്നം മണ്ഡലം പ്രസിഡന്റ് മഞ്ജു പ്രദീപ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
തിരുവോണദിവസമായ ഇന്നലെ മണ്ഡലത്തിലാകെ ഓട്ട പ്രദക്ഷിണം നടത്തിയ സ്ഥാനാര്‍ഥി വിവിധ ഓണാഘോഷ പരിപാടികളിലും പങ്കെടുത്തു.