പുതുപ്പള്ളി: യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ ജയിച്ചപ്പോൾ ബിജെപിക്ക് ഏറ്റത് വൻ പ്രഹരം. തൃക്കാക്കരയ്ക്കു പിന്നലെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലും കെട്ടിവച്ച കാശ് നഷ്ടപ്പെടുമെന്ന ദയനീയാവസ്ഥയിലാണ് ബിജെപി.
രണ്ട് വര്‍ഷത്തിനുശേഷം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വീണ്ടും വോട്ടു കുറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് നേടാനായത് 6558 വോട്ടുകൾ മാത്രം. 2021 ൽ നേടിയതിനേക്കാൾ 5136 വോട്ടിന്റെ കുറവ് ആണ് ഇത്തവണ ബിജെപിക്ക് ലഭിച്ചത്.
വോട്ട് ശതമാനം 8.87ൽ നിന്ന് 5.02ലേക്ക് കൂപ്പുകുത്തി. ഇതോടെ ഉപതിരഞ്ഞെടുപ്പിൽ കെട്ടിവച്ച പണം ബിജെപിക്ക് തിരികെ കിട്ടില്ല. പോൾ ചെയ്ത വോട്ടിന്റെ 16.7 ശതമാനം വോട്ടുകൾ നേടിയാൽ മാത്രമേ കെട്ടിവച്ച പണം തിരികെ കിട്ടൂ.