കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങി. കോട്ടയം ബസേലിയോസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയിട്ടുള്ള വോട്ടെണ്ണല്‍ കേന്ദ്രത്തിലാണ് വോട്ടെണ്ണല്‍.
മൊത്തം 20 മേശകളിലായാണ് വോട്ടെണ്ണല്‍ നടക്കുക. 14 മേശകളില്‍ വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകളും അഞ്ച് മേശകളില്‍ തപാല്‍ വോട്ടുകളും ഒരു മേശയില്‍ സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും.
തപാല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണിത്തുടങ്ങുക. ഇടിപിബിഎസ് വോട്ടുകളിലെ ക്യൂ ആര് കോഡ് സ്കാന്‍ ചെയ്ത് കൗണ്ടിംഗ് ഉദ്യോഗസ്ഥര്‍ക്കു നല്കിയ ശേഷമായിരിക്കും വോട്ടെണ്ണല്‍.
182 ബൂത്തുകൾ, 14 മേശകളിലായി 13 റൗണ്ട്
മൊത്തം 182 ബൂത്തുകളാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. 14 മേശകളിലായി 13 റൗണ്ടുകളായാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വോട്ടെണ്ണല്‍ നടക്കുക. ഒന്നു മുതല്‍ 182 വരെയുള്ള ബൂത്തുകളിലെ വോട്ടുകള്‍ തുടര്‍ച്ചയായി എന്ന ക്രമത്തിലായിരിക്കും എണ്ണുക.
ആദ്യ റൗണ്ടില്‍ ഒന്നു മുതല്‍ 14വരെയുള്ള ബൂത്തുകളിലെ വോട്ട് എണ്ണും. തുടര്‍ന്ന് 15 മുതല്‍ 28 വരെയും. ഇത്തരത്തില്‍ 13 റൗണ്ടുകളായി വോട്ടിംഗ് മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കും. തുടര്‍ന്ന് റാന്‍ഡമൈസ് ചെയ്തു തെരഞ്ഞെടുക്കുന്ന അഞ്ച് വിവി പാറ്റ് മെഷീനുകളിലെ സ്ലിപ്പുകള്‍ ഒന്നാം നമ്പര്‍ ടേബിളില്‍ എണ്ണും.
ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍ വൈസര്‍, രണ്ടു കൗണ്ടിംഗ് സ്റ്റാഫ് എന്നിവര്‍ ഉണ്ടാകും. ഇവരെ കൂടാതെ രണ്ട് മൈക്രോ ഒബ്സര്വര്മാരെകൂടി നിയോഗിച്ചിട്ടുണ്ട്.
14 ടേബിളുകളിലായി ആകെ 44 കൗണ്ടിംഗ് ഉദ്യോഗസ്ഥരുണ്ടാകും. 80 വയസ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ തന്നെ വോട്ട് ചെയ്യാന്‍ അവസരമൊരുക്കിയതിലൂടെ 2,491 പേര് വോട്ട് രേഖപ്പെടുത്തിയിരുന്നു. ഈ വോട്ടുകള്‍ അഞ്ചു മേശകളിലായാണ് എണ്ണുക.
സര്‍വീസ് വോട്ടര്‍മാര്‍ക്കുള്ള ഇടിപിബിഎസ് ബാലറ്റുകള്‍ 138 എണ്ണമാണ് വിതരണം ചെയ്തിട്ടുള്ളത്. ഇവ മറ്റൊരു മേശയിലും എണ്ണും. ഈ ആറു മേശയിലും ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു ഡെസിഗ്നേറ്റഡ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍, ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, രണ്ടു കൗണ്ടിംഗ് അസിസ്റ്റന്റുമാര്‍ എന്നിങ്ങനെ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.
ആറു ടേബിളുകളിലുമായി 30 കൗണ്ടിംഗ് ഉദ്യോഗസ്ഥരുണ്ടാകും. ആകെ 20 മേശകളിലായി 74 കൗണ്ടിംഗ് ഉദ്യോഗസ്ഥരുണ്ടാകും. കൗണ്ടിംഗ് സെന്ററിന്റെ സുരക്ഷയ്ക്കായി 32 സിഎപിഎഫ്. അംഗങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. കൂടാതെ 12 അംഗ സായുധപോലീസ് ബറ്റാലിയനും കൗണ്ടിംഗ് സ്റ്റേഷന്റെ സുരക്ഷയ്ക്കായുണ്ടാകും.
വോട്ട് ചിത്രം
കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലത്തിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ 72.86 ശതമാനം പോളിംഗാണ് നടന്നത്. 1,76,412 വോട്ടര്‍മാരില്‍ 1,28,535 പേര് സമ്മതിദാനാവകാശം വിനിയോഗിച്ചു. 86,131 പുരുഷന്മാരില് 64,078 പേരും 90,277 സ്ത്രീകളില്‍ 64,455 പേരും നാലു ട്രാന്സ്ജെന്ഡര്മാരിലെ രണ്ടുപേരും വോട്ട് രേഖപ്പെടുത്തി.
വോട്ടെടുപ്പ് ദിനത്തിനു മുമ്പ് പോസ്റ്റല്‍ ബാലറ്റ് മുഖേന 2,491 അസന്നിഹിത വോട്ടര്‍മാര്‍ (80 വയസിനുമുകളിലുള്ളവര്‍, ഭിന്നശേഷിക്കാര്‍) വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സംവിധാനം (ഇടിപിബിഎസ്) വഴി 138 സര്‍വീസ് വോട്ടര്‍മാര്‍ക്ക് സമ്മതിദാന അവകാശം രേഖപ്പെടുത്തുന്നതിന് സംവിധാനം ഒരുക്കിയിരുന്നു.
വോട്ടിംഗ് യന്ത്രങ്ങള്‍
എണ്ണുന്നത് ഇങ്ങനെ
റൗണ്ട്, പഞ്ചായത്ത്, ബൂത്ത് എന്ന ക്രമത്തില്‍
1-അയര്‍ക്കുന്നം -1-14
2-അയര്‍ക്കുന്നം -15-28
3-അകലക്കുന്നം -29-42
4-അകലക്കുന്നം, കൂരോപ്പട -43-56
5-കൂരോപ്പട, മണര്‍കാട് -57-70
6-മണര്‍കാട് -71-84
7-മണര്‍കാട്, പാമ്പാടി -85-98
8-പാമ്പാടി -99-112
9-പാമ്പാടി, പുതുപ്പള്ളി -1131-126
10-പുതുപ്പള്ളി -127-140
11-പുതുപ്പള്ളി, മീനടം -141-154
12-വാകത്താനം -155-168
13-വാകത്താനം -169-182