കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ റിക്കാർഡ് ഭൂരിപക്ഷത്തിൽ വിജയം നേടുമെന്ന് മുൻമന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. വോട്ടെണ്ണൽ ദിവസം പുലർച്ചെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം ചാണ്ടി സത്യപ്രതിജ്ഞ ചെയ്യും. ഭരണത്തിന്റെ വിലയിരുത്തലാകും ഉപതെരഞ്ഞെടുപ്പ് ഫലം എന്ന എൽഡിഎഫ് നേതാക്കളുടെ പ്രഖ്യാപനം ഫലം വന്ന ശേഷവും കാണുമോ എന്നും അദ്ദേഹം ചോദിച്ചു.
പുതുപ്പള്ളിയിൽ ക്രോസ് വോട്ടിംഗ് നടന്നുവെന്ന എം.വി.ഗോവിന്ദന്റെ ആരോപണം തോൽവി ഭയന്നാണെന്നും തോൽക്കാൻ പോകുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും സിപിഎം ഇത്തരം ന്യായങ്ങൾ നിരത്താറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.