പുതുപ്പള്ളി: തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ ആവേശത്തോടെ യുഡിഎഫും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര ഇലക്ഷന് കമ്മിറ്റി ഓഫീസ് തുറന്ന് എല്‍ഡിഎഫും സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ ആവേശത്തില്‍ ബിജെപിയും കളംനിറഞ്ഞതോടെ പുതുപ്പള്ളിയില്‍ തെരഞ്ഞെടുപ്പിന്റെ മേളപ്പെരുക്കമായി.
നാളെമുതല്‍ സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചുതുടങ്ങും. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ കണ്വന്ഷന് 16നും ബിജെപിയുടേതു 18നും നടക്കും.
തുടര്‍ന്ന് താഴേത്തട്ടിലേക്ക് കണ്‍വന്‍ഷനും കുടുംബയോഗങ്ങളും പൊതുയോഗങ്ങളുമായി തെരഞ്ഞെടുപ്പു രംഗം പ്രചാരണച്ചൂടിലേക്ക് കടക്കും.
കേരളം വിറ്റാലും ഓണം ആഘോഷിക്കാനാവാത്ത അവസ്ഥ: കെ.സി. വേണുഗോപാല്‍
പാമ്പാടി: ഉമ്മന്‍ചാണ്ടി മരിച്ചപ്പോള്‍ കൂടുതല്‍ കരുത്തനായതിനെ സിപിഎം ഭയക്കുകയാണെന്നും അത് ഇരട്ടച്ചങ്കിന്റെ കരുത്തല്ലെന്നും സ്നേഹത്തിന്റെ കരുത്താണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.
യുഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിപിഎമ്മിനു രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും കേരളം വിറ്റാല്‍ പോലും ഓണം ആഘോഷിക്കാന്‍ പറ്റാത്ത അവസ്ഥയിലാണു സംസ്ഥാന ഭരണമെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പി. കെ. കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്‍. കെ. പ്രേമചന്ദ്രന്, പി.ജെ. ജോസഫ്, ഷിബു ബേബി ജോണ്‍, മോന്‍സ് ജോസഫ്, എം.എം. ഹസന്, മാണി സി. കാപ്പന്, സി.പി.ജോണ്‍ തുടങ്ങി യുഡിഎഫിന്റെ കക്ഷി നേതാക്കള്‍ യോഗത്തില്‍ പ്രസംഗിച്ചു.
യുഡിഎഫ് നേതാക്കള്‍ ഒന്നാകെ പുതുപ്പളളി പളളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിങ്കലെത്തി പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് കണ്വന്ഷന് എത്തിയത്.
സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ രാവിലെ വാകത്താനം മണ്ഡലത്തിലെ പഴയകാല കോണ്‍ഗ്രസ് നേതാക്കളെ സന്ദര്‍ശിച്ചുകൊണ്ടാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് മണ്ഡലത്തിലെ മരണവീടുകള്‍ സന്ദര്‍ശിച്ചു. പിന്നീട് അയര്‍ക്കുന്നം, തിരുവഞ്ചൂര്‍ പ്രദേശങ്ങളില്‍ പര്യടനം നടത്തി.
ജെയ്ക് സി. തോമസിന്റെ പര്യടനത്തിനു തുടക്കം
പുതുപ്പള്ളി: മണ്ഡലത്തിലെ സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകരെ കണ്ടായിരുന്നു ഇന്നലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസിന്റെ പര്യടനം തുടങ്ങിയത്.
പിന്നീട് അയര്‍ക്കുന്നം, പുതുപ്പള്ളി, കൂരോപ്പട, പാമ്പാടി പഞ്ചായത്തുകളിലെ വോട്ടര്‍മാരെ നേരില്‍ കാണുകയും സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
വൈകുന്നേരം പാമ്പാടിയില്‍ പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടന വേദിയിലെത്തിയ ജെയ്ക്കിനെ കൈയടിയോടെ പ്രവർത്തകർ സ്വീകരിച്ചു. ഇന്നും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകള്‍ സന്ദര്‍ശിച്ചു വോട്ടഭ്യര്‍ഥിക്കും.
പാമ്പാടി: ഉപതെരഞ്ഞെടുപ്പ് ഫലം വന്നശേഷം പുതുപ്പള്ളിയില്‍ ഇടതുപക്ഷ എംഎല്‍എ ഓഫീസ് തുറക്കുമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി. പാമ്പാടിയില്‍ എല്‍ഡിഎഫ് പുതുപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ജെയ്ക്കിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ഭീതിയിലായ യുഡിഎഫ് ബിജെപിയുമായി അവിശുദ്ധ സഖ്യത്തിന് ശ്രമിക്കുകയാണെന്നും ഇതിനു തെളിവാണ് കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയ യുഡിഎഫ് നടപടിയെന്നും ജോസ് കെ. മാണി പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി വി.ബി ബിനു അധ്യക്ഷത വഹിച്ചു. മന്ത്രി വി.എന്‍. വാസവന്, തോമസ് ചാഴികാടന് എംപി, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ലോപ്പസ് മാത്യു, കെ.ആര്. രാജന്, ബെന്നി മൈലാടൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു..