എം. സുരേഷ്ബാബു
തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനലാകും.
പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഒഴിവ് വന്നതായി കേരള നിയമസഭ വിജ്ഞാപനമിറക്കിയിട്ടുണ്ട്. വിജ്ഞാപനം സംസ്ഥാനത്തെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറി.
അദ്ദേഹമാണ് ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് ചെയ്യുക. ഇനി ആറുമാസത്തിനകം ഉപതെരഞ്ഞെടുപ്പ് നടക്കണം.
നവംബർ, ഡിസംബർ മാസങ്ങളിലായി ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന് അടക്കമുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്പോൾ പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്.
അടുത്തവർഷം ഏപ്രിലോ മേയിലോ ആകും ലോക്സഭാ തെരഞ്ഞെടുപ്പ്.രണ്ടാം പിണറായി സർക്കാർ അധികാരമേറ്റശേഷം രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ നടക്കുക.
പി.ടി. തോമസ് അന്തരിച്ചതിനെ തുടര്‍ന്നാണ് തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. പി.ടി. തോമസിന്റെ ഭാര്യ ഉമാതോമസ് വലിയ ഭൂരിപക്ഷത്തോടെ യുഡിഎഫ് സീറ്റ് നിലനിർത്തിയിരുന്നു.
ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനെ ജനങ്ങൾ എത്രത്തോളം സ്നേഹിച്ചിരുന്നുവെന്ന കാഴ്ചകളാണ് മൂന്ന് ദിവസമായി കേരളം കണ്ടത്. ഈ കാഴ്ചകളും അനുഭവങ്ങളും കോണ്‍ഗ്രസിലെയും യുഡിഎഫിലെയും നേതാക്കൾക്കും പ്രവർത്തകർക്കും പുതിയ ഉൗർജം നൽകിയെന്നാണ് വിലയിരുത്തൽ.
ജനങ്ങളോടൊപ്പം ചേർന്നുനിന്നിരുന്ന അധികാരം ജനങ്ങൾക്ക് വേണ്ടി മാത്രം വിനിയോഗിച്ചിരുന്ന ഉമ്മൻചാണ്ടിയെപോലെ മറ്റൊരു ഭരണാധികാരിക്കും ആകാൻ സാധിക്കില്ലെന്ന തിരിച്ചറിവാണ് ജനലക്ഷങ്ങളെ അദ്ദേഹത്തിന്റെ വിലാപയാത്ര കടന്ന് പോയ വഴിവക്കുകളിലെത്തിച്ചതെന്നും വിലയിരുത്തുന്നു.
ചാണ്ടി ഉമ്മൻ തന്നെയായിരിക്കും പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാർഥിയാവുകയെന്നാണ് നിലവിലെ സൂചനകൾ. ഉമ്മൻചാണ്ടിയെന്ന ജനനേതാവിനോടുള്ള സ്നേഹവും ആദരവും ചാണ്ടി ഉമ്മന്‍ ജനം നൽകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതാക്കൾ.
എൽഡിഎഫും ശക്തമായ മത്സരം ഇത്തവണ കാഴ്ചവയ്ക്കും. കഴിഞ്ഞ തവണ എൽഡിഎഫിന്റെ സ്ഥാനാർഥിയായി മത്സരിച്ചത് എസ്എഫ്ഐ നേതാവ് ജെയ്ക്ക് സി. തോമസായിരുന്നു.
പുതുപ്പള്ളി മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണർകാട് ഉൾപ്പെട്ട രണ്ട് പഞ്ചായത്തുകളിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് അദ്ദേഹത്തിന് വോട്ട് കുറഞ്ഞിരുന്നത് ഉമ്മൻചാണ്ടിയെ വിഷമിപ്പിച്ചിരുന്നു.
ഇത്തവണയും എൽഡിഎഫ് നേതൃത്വം യുവത്വത്തിനുതന്നെ പരിഗണന നൽകുമെന്നാണ് എൽഡിഎഫ് നേതാക്കൾ അനൗദ്യോഗികമായി പറയുന്നത്.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചാൽ രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുതുപ്പള്ളിയിലും ഉപതെരഞ്ഞെടുപ്പ് നടക്കും.
53 വർഷങ്ങൾക്ക് മുൻപ് എൽഡിഎഫിന്റെ കോട്ടയായിരുന്ന പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയെ കളത്തിലിറക്കിയാണ് യുഡിഎഫ് സീറ്റ് പിടിച്ചത്. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിലെല്ലാം അദ്ദേഹമായിരുന്നു വിജയം കരസ്ഥമാക്കിയിരുന്നത്.