ജോണ്സണ് വേങ്ങത്തടം
പുതുപ്പള്ളി ഇലക്ഷന് ദിവസങ്ങൾ മാത്രം അകലമുള്ളപ്പോൾ പ്രതീക്ഷകൾ പങ്കുവെച്ച് നിയമസഭാ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ…
സതീശന്റെ വാക്കുകൾ ഇങ്ങനെ…പുതുപ്പള്ളിയില്‍ സ്വപ്നതുല്യമായ ലക്ഷ്യമാണുള്ളത്. കഴിഞ്ഞ പ്രാവശ്യത്തെക്കാള്‍ ഭൂരിപക്ഷം ഉറപ്പാണ്. ഒരു ടീം വര്‍ക്കാണ് പുതുപ്പള്ളിയില്‍ നടത്തുന്നത്.
തെരഞ്ഞെടുപ്പിന്റെ ചുമതല സീനിയര്‍ കോണ്‍ഗ്രസ് നേതാക്കളായ കെ.സി.ജോസഫിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമാണ്. ഏകോപന ചുമതലയാണ് എനിക്കുള്ളത്. പുതുപ്പള്ളിയില്‍ ഭരണവിരുദ്ധവികാരം നിറഞ്ഞുനില്ക്കുന്നു.
കുടുംബയോഗങ്ങളില്‍ സംബന്ധിക്കുമ്പോള്‍ സര്‍ക്കാരിന്റെ പോരായ്മകള്‍ വിളിച്ചുപറയുന്നതു ജനങ്ങള്ത്തന്നെയാണ്. ഉമ്മന്‍ചാണ്ടിയെ സ്നേഹിക്കുന്ന ഒരു ജനതയാണ് പുതുപ്പള്ളിയിലുള്ളത്. ഉമ്മന്‍ചാണ്ടിയോടുള്ള സ്നേഹമെങ്ങനെ സഹതാപമാകും.
സര്‍ക്കാരിന് ജനത്തോട് എന്ത് പറഞ്ഞ് വോട്ട് ചോദിക്കാന്‍ സാധിക്കും?. സര്‍വമേഖലയിലും കൈയിട്ടുവാരുന്ന ഒരു സര്‍ക്കാരാണ് ഭരിക്കുന്നത്. ഇത്രയും കഴിവുകെട്ട ഭരണവും ഭരണകര്‍ത്താക്കളെയും കേരളം കണ്ടിട്ടില്ല.
സാമ്പത്തികപ്രതിസന്ധിയിലും ധൂര്ത്തിനുകുറവില്ല. മുഖ്യമന്ത്രിയും മന്ത്രിപ്പടയും ഇറങ്ങിയെങ്കിലും സ്വപ്നതുല്യമായ വിജയമാണ് തൃക്കാക്കരയില്‍ ജനം നല്‍കിയത്. ഈ വിജയത്തിനുള്ളിലും ഞങ്ങളുടെ പോരായ്മകളെക്കുറിച്ചു പഠിക്കാന്‍ സാധിച്ചു.
വിജയത്തിനുള്ളിലെ പോരായ്മകളെക്കുറിച്ച് വ്യക്തമായ പഠിച്ചതുകൊണ്ട് പുതുപ്പള്ളിയില്‍ വ്യക്തമായ പദ്ധതിതയാറാക്കി ഇറങ്ങാന്‍ സാധിച്ചു. എല്ലാജനവിഭാഗങ്ങളുടെയും പിന്തുണയാണ് ചാണ്ടി ഉമ്മന്‍ ലഭിക്കുന്നത്.
ഏഴുമാസമായി മാധ്യമങ്ങളുടെ മുന്നില്‍നിന്നും മുഖ്യമന്ത്രി ഒളിച്ചോടുകയാണ്. ആരോപണങ്ങളില്‍ കഴമ്പുണ്ടെങ്കില്‍ നിരപരാധിത്വം തെളിക്കാന്‍ അദ്ദേഹം തയാറാകണം. എല്ലാം മാധ്യമസൃഷ്ടിയാണെന്നാണ് സിപിഎം സെക്രട്ടറി എം.വി.ഗോവിന്ദനെകൊണ്ട് പറയിപ്പിക്കുന്നത്.
മാസപ്പടി പോലുള്ള കണ്ടുപിടുത്തം എങ്ങനെയാണ് മാധ്യമസൃഷ്ടിയാകുന്നത്. സ്വര്‍ണക്കടത്ത് മുതല്‍ മാസപ്പടിവരെയുള്ള എല്ലാവിഷയങ്ങളിലും അവസാനം ഹെലികോപ്റ്ററിന്റെ വാടകയ്ക്ക് എടുക്കുന്നതിലും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.
ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച ഐഎച്ച്ആര്‍ഡി ഉദ്യോഗസ്ഥന് നന്ദകുമാറിനു സ്ഥാനക്കയറ്റം നല്കി. സര്‍വീസ് ചട്ടങ്ങളുടെ നഗ്നമായ ലംഘനം നടത്തിയ നന്ദകുമാറിനെ സംരക്ഷിക്കുന്നതു സര്‍ക്കാരാണ്.