ജോണ്സണ് വേങ്ങത്തടം
കോട്ടയം: മലയാളികളായവരുടെ മനസ് ഒന്നാകെ പുതുപ്പള്ളിയിലേക്ക്. തിരുവനന്തപുരം പുതുപ്പള്ളി ഹൗസില്‍നിന്ന് ആരംഭിച്ച വിലാപയാത്ര ഒരു പകലും രാവും പിന്നിട്ടാണ് കോട്ടയത്തെത്തിയത്.
ഇന്നലെ വൈകിട്ട് അഞ്ചിന് കോട്ടയത്ത് എത്തുമെന്നായിരുന്നു അറിയിപ്പ്. കേരളജനതയ്ക്ക് ഉമ്മന്‍ചാണ്ടി എന്ന നേതാവ് എത്രമാത്രം പ്രിയപ്പെട്ടവനായിരുന്നുവെന്ന് പാതയോരങ്ങളിൽ തടിച്ചുകൂടിയ ജനക്കൂട്ടം സാന്നിധ്യത്തിലൂടെ സാക്ഷ്യപ്പെടുത്തി.
തിരുവനന്തപുരത്തുനിന്നു ഭൗതികശരീരം വഹിച്ചുള്ള വിലാപയാത്രയില്‍ സമാനതകളില്ലാത്ത ജനക്കൂട്ടമാണു കണ്ടത്. എംസി റോഡിന്റെ ഇരുവശവും മനുഷ്യമതില്‍ തീര്‍ത്ത് കേരളം ആദരണീയനായ നേതാവിന് അന്ത്യോപചാരം അര്‍പ്പിച്ചു.
പെരുമഴപോലും വകവയ്ക്കാതെ പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും സ്മരണാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ക്യൂനിന്നു.
കേരളത്തില്‍ ഏറ്റവും ജനപിന്തുണയുണ്ടായിരുന്ന ജനകീയ നേതാവായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന് വ്യക്തമാക്കുന്നതാണ് ഈ യാത്ര.
മനുഷ്യസ്നേഹത്തിന്റെ ഉറവവറ്റാത്ത നേതാവ്. അതുകൊണ്ടാണ് ജനം ഒഴുകിയെത്തിയത്. വിലാപയാത്ര പെരുന്നയിലെത്തിയപ്പോള്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ആദരാജ്ഞലി അര്‍പ്പിച്ചു.
മകന് ചാണ്ടി ഉമ്മനെ അദ്ദേഹം ആശ്വസിപ്പിച്ചു. വിടവാങ്ങിയ പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ കണ്ണീരണിഞ്ഞ് ആയിരങ്ങളാണ് വഴിയില്‍ തടിച്ചു കൂടിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തിയ ജനങ്ങളാൽ സാഗരമായി മാറി എംസി റോഡ്.
“ആരു പറഞ്ഞു മരിച്ചെന്ന്, ഉമ്മന്‍ ചാണ്ടി മരിച്ചെന്ന്, ഇല്ലാ ഇല്ലാ മരിക്കില്ലാ, ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്ന മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ ജനനായകന് അന്ത്യോപചാരം അര്‍പ്പിച്ചത്.
മൃതദേഹം കണ്ടു ചിലര്‍ പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഭൗതികശരീരം വഹിച്ചുള്ള പ്രത്യേക വാഹനത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസന്, എംപിമാര്‍, എംഎല്‍എമാര്‍, ഘടകകക്ഷി നേതാക്കള്‍, യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തുടങ്ങിയവരും കുടുംബാംഗങ്ങളുമുണ്ടായിരുന്നു.
വേഗത ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. എന്നാല്‍ അന്ത്യയാത്രയില്‍ അത്രവേഗം കടന്നുപോകാന്‍ പ്രിയ നേതാവിനെ സാധാരണക്കാര്‍ അനുവദിക്കുന്നില്ല.
അവര്‍ കണ്ണുകള്‍ തുടച്ച് ആ നേതാവിന് അവസാന യാത്ര നല്കുന്നു. വാഹനം നിര്‍ത്തുന്നില്ല. എന്നാല്‍ ചില്ലിട്ട ബസിലുടെ ഉമ്മന്‍ ചാണ്ടിയെ ഏവര്‍ക്കും കാണാം. പാതയോരത്തെ ജനസാന്നിധ്യം എല്ലാ വിലാപയാത്രയെയും മറികടക്കുന്ന ജനവികാരത്തിനു തെളിവായി. കേരളം ഇതുവരെ കാണാത്ത യാത്രാമൊഴി.