കോട്ടയം: പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ് ഇനിയില്ല എന്ന ആ വാര്ത്ത ഞെട്ടലോടെയും വലിയ ദുഃഖത്തോടെയുമാണ് പുതുപ്പള്ളിക്കാര് ഇന്നു പുലർച്ചെ കേട്ടത്.
രാഷ്ട്രീയ ജീവിതത്തിലെ തിരക്കുകള് എത്രയായിരുന്നാലും പുതുപ്പള്ളിയും പുതുപ്പള്ളിക്കാരുമായിരുന്നു ഉമ്മന്ചാണ്ടിയുടെ എല്ലാം. അദ്ദേഹത്തിന്റെ ഊര്ജവും ശക്തിയും അവരായിരുന്നു.
മരണവാര്ത്തയറിഞ്ഞതു മുതൽ നേതാക്കളും പ്രവര്ത്തകരും പുതുപ്പള്ളി കരോട്ടുവള്ളക്കാലിൽ വീട്ടിലേക്കു പ്രവഹിക്കുകയാണ്. ഉമ്മന് ചാണ്ടിയുടെ സന്തത സഹചാരി തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എയുടെ നേതൃത്വത്തില് സംസ്കാരത്തിനുള്ള ഒരുക്കങ്ങൾ നടത്തിവരുന്നു.
സഹോദരന് അലക്സ് വി. ചാണ്ടിയും കുടുംബാംഗങ്ങളും വീട്ടിലുണ്ട്. പുതുപ്പള്ളി കവലയിലും അങ്ങാടിയിലും കോണ്ഗ്രസ് പതാക താഴ്ത്തിക്കെട്ടി.
കറുത്ത കൊടികളും ഉമ്മന്ചാണ്ടിക്ക് ആദരാഞ്ജലി അര്പ്പിച്ചുള്ള ബോര്ഡുകളും വഴിനീളെ സ്ഥാപിച്ചുകൊണ്ടിരിക്കുന്നു.
ഉമ്മന്ചാണ്ടിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് പുതുപ്പള്ളി കരോട്ടുവള്ളക്കാലില് വീട്. എംഎല്എയും മന്ത്രിയും പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായൊക്കെയിരിക്കുന്പോഴും ഞായാറാഴ്ച ദിവസം രാവിലെ അദ്ദേഹം പുതുപ്പള്ളി തറവാട്ടുവീട്ടിലെത്തും.
പുതുപ്പള്ളി പള്ളിയില് വിശുദ്ധ കുര്ബാന കണ്ടശേഷം വീട്ടില് തിരിച്ചെത്തുമ്പോള് ഒരു ജനക്കൂട്ടംതന്നെ വീട്ടിലുണ്ടാകും. പരാതികളും പരിഭവങ്ങളും നിവേദനങ്ങളുമായി എത്തുന്ന ആള്ക്കൂട്ടത്തിനു നടുവിലെത്തി ഓരോരുത്തരോടും പരാതികള് ചോദിച്ച് നിവേദനങ്ങള് വായിച്ചു മനസിലാക്കി അതിനു പരിഹാരം നല്കിയാണ് ആള്ക്കൂട്ടത്തെ മടക്കുന്നത്.
വീടിന്റെ തെക്കുഭാഗത്തുള്ള മുറിയോടു ചേര്ന്നുള്ള ജനാലയ്ക്കരികിലിരുന്നു വൈകുന്നേരംവരെ ജനങ്ങളുടെ പരാതികള് സ്വീകരിക്കും.
സഹായം ചോദിച്ചെത്തുന്ന ഒരു വ്യക്തിയോടും പറ്റില്ലെന്ന വാക്ക് ഉമ്മന്ചാണ്ടി പറയാറില്ല. പകരം എന്തെങ്കിലും സാധ്യതയുണ്ടെങ്കില് സഹായിക്കണമെന്ന കുറിപ്പെഴുതി പരാതി ബന്ധപ്പെട്ടവർക്കു കൈമാറും.
ആ കുറിപ്പ് ജനങ്ങള്ക്ക് എപ്പോഴും കൈത്താങ്ങായിരുന്നു. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഇനിയില്ലെന്ന വാര്ത്ത പുതുപ്പള്ളിക്കാര്ക്ക് വിശ്വസിക്കാനായിട്ടില്ല.
രോഗം മുര്ച്ഛിച്ചപ്പോഴും തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് അതിനെയെല്ലാം അതിജീവിച്ച് തിരിച്ചെത്തുമെന്ന പൂര്ണ വിശ്വാസത്തിലായിരുന്നു പുതുപ്പള്ളിക്കാര്.