കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്ഥി ചാണ്ടി ഉമ്മന് പ്രചാരണ പ്രവര്ത്തനങ്ങള്ക്കു തുടക്കം കുറിച്ചു. ഇന്നു രാവിലെ മണ്ഡലത്തിലെ പ്രമുഖവ്യക്തികളെ നേരില് കണ്ടശേഷം സംവിധായകന് സിദ്ദീഖിന് അന്തിമോപചാരം അര്പ്പിക്കുന്നതിനായി എറണാകുളത്തേക്കു പോയി.
ഉച്ചകഴിഞ്ഞ് മണ്ഡലത്തില് തിരിച്ചെത്തി പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തുകയും ബൂത്തുതല യോഗങ്ങളില് പങ്കെടുക്കുകയം ചെയ്യും. സ്ഥാനാര്ഥി പ്രഖ്യാപനം വന്നയുടന്തന്നെ മണ്ഡലത്തില് കോണ്ഗ്രസും യുഡിഎഫും പ്രചാരണ പ്രവര്ത്തനങ്ങളും ആരംഭിച്ചു.
പുതുപ്പള്ളിയിലും പാമ്പാടിയിലും വാകത്താനത്തും സ്ഥാനാര്ഥിക്കായി വോട്ടഭ്യര്ഥിച്ച് ചുവരെഴുതി കഴിഞ്ഞു. പുതുപ്പള്ളി ജംഗ്ഷന് ഉള്പ്പെടെ മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളില് സ്ഥാനാര്ഥിയുടെ കൂറ്റന് ഫ്ളക്സ് ബോര്ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
മണ്ഡലത്തിലെ പ്രധാന ചുമതലക്കാരനായ തിരുവഞ്ചൂര് രാധാകൃഷ്ണന് എംഎല്എ ഇന്നു വൈകിട്ട് മണ്ഡലത്തിലെത്തും. മറ്റൊരു ചുമതലക്കാരനായ കെ.സി. ജോസഫ് മണ്ഡലത്തില് കേന്ദ്രീകരിച്ച് പ്രവര്ത്തനങ്ങല് ഏകോപിപ്പിക്കുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെപിസിസി പ്രസിഡന്റ് കെ. സുധാകരനും അടുത്തയാഴ്ച മണ്ഡലത്തിലെത്തും. 14ന് പത്രിക സമര്പ്പിക്കാനായിട്ടാണ് ഇപ്പോള് തീരുമാനിച്ചിരിക്കുന്നത്. നേതാക്കളുമായി കൂടിയാലോചനകള് നടത്തിയശേഷമായിരിക്കും അന്തിമതീരുമാനം.
19ന് പുതുപ്പള്ളിയില് ചേരുന്ന യുഡിഎഫ് കണ്വന്ഷനോടെ ഔദ്യോഗികമായി തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്ക്കു തുടക്കമാകും. കോണ്ഗ്രസിന്റെ മുതിര്ന്ന നേതാവ് എ.കെ. ആന്റണിയെ കണ്വന്ഷനിലെത്തിക്കാനാണ് കോണ്ഗ്രസ് പ്രവര്ത്തകരുടെ തീരുമാനം.