കോതമംഗലം: പുതുവർഷ ദിനത്തിൽ കുട്ടന്പുഴയിലെ ആദിവാസിക്കുടികൾ സന്ദർശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വരവേൽക്കാൻ ആദിവാസിക്കുടികൾ ഒരുങ്ങി. ഇന്നു രാവിലെ ഒൻപിതിന് രമേശ് ചെന്നിത്തല കുഞ്ചിപ്പാറയിലെത്തും.
അവിടെ കല്ലേലിമേട്, തേരക്കടി, വാരിയംകുടിയിലെ മാപ്പിളപ്പാറ, മീൻകുളം, മാണിക്കയം എന്നീ ആദിവാസി കുടികളിലെ 1500ൽപ്പരം ആദിവാസികൾ സംഗമിച്ചു പ്രതിപക്ഷ നേതാവിനു വരവേൽപ്പ് നൽകും. ആദിവാസികളുടെ പരന്പരാഗത തപ്പുതാള മേളങ്ങളോടെയാണു സ്വീകരണം .
പരന്പരാഗത നൃത്തരൂപങ്ങളും കലാരൂപങ്ങളും അരങ്ങേറി ചടങ്ങിനു മേളക്കൊഴുപ്പേകും. ആദിവാസികൾക്കു പുതുവസ്ത്രങ്ങൾ നൽകി ആദരിക്കാൻ ജില്ലാ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.
കൂട്ടായ്മയിൽ പങ്കെടുക്കുന്ന മുഴുവൻ പേർക്കും ഉച്ചഭക്ഷണം നൽകാനുള്ള ക്രമീകരണങ്ങളും നടത്തിയിട്ടുണ്ട്. കാണിക്കാരൻ അല്ലി കൊച്ചലങ്കാരൻ, വാർഡ് മെന്പർ കാസി വള്ളക്കയം എന്നിവരുടെ നേതൃത്വത്തിലാണു സ്വീകരണ പരിപാടികൾ ഒരുക്കിയിട്ടുള്ളതെന്നു സ്വാഗതസംഘം ചെയർമാൻ ഫ്രാൻസിസ് ചാലിൽ, ജനറൽ കണ്‍വീനർ സി.ജെ. എൽദോസ് എന്നിവർ അറിയിച്ചു.