വൈപ്പിൻ: പ്രാദേശികവാസികളുടെ എതിർപ്പിനെത്തുടർന്ന് നിർത്തിവച്ചിരിക്കുന്ന പുതുവൈപ്പിലെ നിർദ്ദിഷ്ട എൽപിജി സംഭരണകേന്ദ്രത്തിന്റെ നിർമാണം ലോകസഭാ തെരഞ്ഞെടുപ്പിനുശേഷം വീണ്ടും ആരംഭിക്കുമെന്ന് സൂചന. ഇതിനു മുന്നോടിയായി ഇപ്പോഴും പദ്ധതി മേഖലയിൽ സമരം നടത്തിവരുന്ന സംഘടനയുടെ പ്രധാന നേതാക്കളെയും പ്രവർത്തകരെയും മുൻകരുതൽ അറസ്റ്റ് നടത്തിയായിരിക്കും നിർമാണം ആരംഭിക്കുകയെന്നും സൂചനയുണ്ട്.
ഇതിന്റെ ഭാഗമായി രഹസ്യ പോലീസ് വിഭാഗം സമരസമിതിയുടെ നേതാക്കളുടെയും പ്രധാന പ്രവർത്തകരുടെയും പേരു വിവരങ്ങളും താമസിക്കുന്ന സ്ഥലവും ശേഖരിച്ച് ബന്ധപ്പെട്ടവർക്ക് കൈമാറിയതായാണ് അറിവ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉടൻ നിർമാണ നടപടികൾ ആരംഭിക്കും. തടഞ്ഞാൽ പോലീസ് ബലപ്രയോഗമുണ്ടാകും. നിർമാണം പുനരാരംഭിക്കാൻ സർക്കാരിൽ കടുത്ത സമ്മർദ്ദം ഉള്ളതിനാലാണിത്.
എന്നാൽ തെരഞ്ഞെടുപ്പിനു മുന്പായി ബലപ്രയോഗത്തിലൂടെ നിർമാണം ആരംഭിച്ചാൽ അത് എൽഡിഎഫിനെ ബാധിക്കുമെന്നതിനാലാണ് നടപടി തെരഞ്ഞെടുപ്പിനു ശേഷമാകാമെന്ന് വെച്ചത്. എൽഡിഎഫിലെ സിപിഐ അടക്കമുള്ള പലകക്ഷികളും പദ്ധതിക്ക് എതിരുമാണ്.
ഹരിത ട്രൈബൂണലിൽ നിലനിന്നിരുന്ന കേസ് ഐഒസിക്ക് അനുകൂലമായി വിധിച്ച പാശ്ചാത്തലത്തിലാണ് നടപടിയെങ്കിലും സമരസമിതി ഹൈക്കോടതിയിൽ നൽകിയിട്ടുള്ള കേസ് ഇപ്പോഴും നിലനിൽക്കുന്പോൾ ഐഒസിയുടെ നീക്കം കോടതിയലക്ഷ്യമാകുമെന്നാണ് സമര സമിതിയുടെ ഭാക്ഷ്യം.
മാത്രമല്ല പദ്ധതിക്കെതിരേ നടത്തുന്നത് ജീവൻ മരണ പോരാട്ടമാണെന്നും ഒരു സമൂഹത്തിന്റെ അതിജീവനത്തിനുവേണ്ടി ജീവൻ കളയാൻവരെ തയാറാണെന്നുവരെ സമരനേതാക്കൾ പറയുന്നു.പദ്ധതി ഇവിടെ വരുന്നത് നാടിനാപത്താണെന്നും ഇവിടെനിന്ന് മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കണമെന്നുമാണ് സമരസമരിതി ആവശ്യപ്പെടുന്നത്.
രണ്ടാംഘട്ട സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സമരപ്പന്തലിൽ ജീവൻരക്ഷാവലയും തീർത്തിരുന്നു. നൂറുകണക്കിനു സ്ത്രീകളും പുരുഷന്മാരും കുട്ടികളും പരിപാടിയിൽ സംബന്ധിച്ചു.