വൈപ്പിന്‍: പുതുവൈപ്പില്‍ നാട്ടുകാരുടെ സന്ധിയില്ലാ സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ എല്‍പിജി സംഭരണി പദ്ധതിയുടെ നിര്‍മാണം വന്‍ പോലീസ് സന്നാഹത്തോട പുനരാരംഭിക്കുന്നു. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ എളങ്കുന്നപ്പുഴയിലും കൊച്ചി കോര്പറേഷന് ഒന്നാം ഡിവിഷനിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് ഐജിയുടേയും കൊച്ചി സിറ്റിപോലീസ് കമ്മീഷണറുടെയും നേതൃത്വത്തില്‍ വനിതാ പോലീസ് അടക്കം ആയിരത്തോളം പോലീസുകാര്‍ നിര്‍മാണത്തിന് സംരക്ഷണ നല്കാന് പുതുവൈപ്പിനിലെത്തിയത്. തൃപ്പൂണിത്തുറ, കളമശേരി ആംഡ് ക്യാമ്പുകളിലും കൊച്ചി സിറ്റി, മുളവുകാട്, ഞാറക്കൽ, മുനമ്പം,പറവൂര്‍ മേഖലയില്‍ നിന്നുള്ള പോലീസുകാരും ഉണ്ട്. ടിയര്‍ ഗ്യാസ് , ജലപീരങ്കി എന്നിവ അടക്കമുള്ള പ്രതിരോധ സംവിധാനങ്ങള്‍ സജ്ജമാക്കിക്കൊണ്ടാണ് പോലീസ് സന്നാഹം ഇറങ്ങിയിട്ടുള്ളത്.
പദ്ധതി പ്രദേശത്തിന്റെ കവാടത്തിനു മുന്നില്‍ പോലീസ് വന്‍ ബാരിക്കേഡുകള്‍ തീര്‍ത്തിരിക്കുകയാണ്. ഗോശ്രീ കവല മുതല്‍ പടിഞ്ഞാറോട്ട് എല്‍എന്‍ജി റോഡിലും പുതുവൈപ്പ് റോഡിലും പോലീസിനെ വ്യന്യസിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തിയ ഉടന്‍ തന്നെ സമരസമിതിയുടെ പന്തല്‍ പൊളിച്ചു നീക്കി. പോലീസ് സന്നാഹം എത്തിയതോടെ സമരസമിതി രാത്രി തന്നെ പോലീസ് നീക്കങ്ങള്‍ നിരീക്ഷിച്ചിരുന്നു.
സംഘര്ഷമുണ്ടാകുമെന്നുള്ളതിനാല് മുന്‍ കരുതലെന്നോണം സിറ്റിപോലീസ് കമ്മീഷണറുടെ ആവശ്യ പ്രകാരമാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ ക്രിമിനല്‍ ചട്ടം 144 വകുപ്പ് എളങ്കുന്നപ്പുഴയിലും, കൊച്ചി കോര്പറേഷന് ഒന്നാം ഡിവിഷനിലും നിരോധാനജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്. എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 19 ാ-ാം വാര്‍ഡ് ഒഴിച്ച് 13 മുതല്‍ 23 വരെ വാര്‍ഡുകളിലും കോര്‍പ്പറേഷന്റെ ഒന്നാം ഡിവിഷനില്‍പെട്ട ഫോര്‍ട്ട് വൈപ്പിന്‍ മേഖലയിലുമാണ് നിരോധനാജ്ഞ.
ഈ മേഖലയില്‍ കൂട്ടം കൂടുകയോ , പ്രകടനങ്ങള്‍ മീറ്റിംഗുകള്‍ എന്നിവ നടത്തുകയോ അരുതെന്നും ഉത്തരവില്‍ പറയുന്നു. 45 ശതമാനത്തോളം തീര്‍ന്ന പദ്ധതിക്കെതിരെ പരിസരവാസികള്‍ നടത്തുന്ന സമരം അനാവശ്യമാണെന്നാണ് അധികൃതര്‍ പറയുന്നത്. മാത്രമല്ല, പദ്ധതിക്ക് എല്ലാവിധ അനുമതികളും കോടതി വിധികളും ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് നിര്‍മ്മാണം പുനരാരംഭിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. നിര്‍മാണം ആരംഭിക്കുന്നതിനായി യന്ത്രങ്ങളും തൊഴിലാളികളും ഇന്നലെ രാത്രി തന്നെ സ്ഥലത്തെത്തിയിട്ടുണ്ട്.