മോസ്കോ: യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശങ്കകളെ അഭിനന്ദിക്കുന്നുവെന്നും നിരന്തരം ഈ വിഷയം ഉന്നയിക്കുന്നതിൽ ഞങ്ങൾ അദ്ദേഹത്തോട് നന്ദിയുള്ളവരാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ. യുക്രെയ്ൻ പ്രശ്നം സമാധാനപരമായി പരിഹരിക്കാൻ റഷ്യയ്ക്ക് താൽപര്യമുണ്ട്.
ചർച്ചകൾ അവസാനിപ്പിച്ചത് തങ്ങളല്ല, യുക്രെയ്ൻ പക്ഷമാണെന്നും പുടിൻ കൂട്ടിച്ചേർത്തു. റഷ്യ, ഇന്ത്യ, ബ്രസീൽ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവയ്ക്കൊപ്പം ഈജിപ്ത്, എത്യോപ്യ, ഇറാൻ, യുഎഇ എന്നീ രാജ്യങ്ങളും ഉൾപ്പെടുന്ന ബ്രിക്സ് ഉച്ചകോടി ഒക്ടോബർ 22 മുതൽ 24 വരെ കസാനിൽ നടക്കുന്നതിന്റെ പശ്ചാത്തലത്തിൽ മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു പുടിൻ.
റഷ്യയിൽ ഇന്ത്യൻ സിനിമകൾക്കായി സമർപ്പിച്ചിരിക്കുന്ന ഒരു ടിവി ചാനലുണ്ട്. ഞങ്ങൾ ബ്രിക്സ് ഫിലിം ഫെസ്റ്റിവൽ നടത്തുന്നു. ഇന്ത്യൻ ചലച്ചിത്ര പ്രവർത്തകർക്ക് താൽപര്യമുണ്ടെങ്കിൽ അവരെ റഷ്യയിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പൊതുവായ സാഹചര്യം കണ്ടെത്താം. ഇന്ത്യയുമായി സഹകരിക്കാൻ കഴിയുന്ന മറ്റൊരു മേഖല ഫാർമസ്യൂട്ടിക്കൽസ് ആണ്. ഈ വിഷയം പ്രധാനമന്ത്രി മോദിയുമായി ചർച്ച ചെയ്യാൻ സന്നദ്ധമാണെന്നും പുടിൻ പറഞ്ഞു.