വ്ളാദിമിര് പുടിനെ പിന്തുണയ്ക്കുന്ന ബ്ലോഗര് കൊല്ലപ്പെട്ടതിനു പിന്നില് യുവതിയായ കില്ലറെന്ന് വിവരം.
സെന്റ്പീറ്റേഴ്സ് ബര്ഗിലെ ഒരു കഫേയിലുണ്ടായ സ്ഫോടനത്തില് കഴിഞ്ഞ ദിവസമാണ് പുടിന്റെ അടുത്ത അനുയായിയായ വ്ളാദ്ലെന് ടാടാഴ്സ്കി എന്ന ബ്ളോഗര് മാക്സിം ഫോമിന് കൊല്ലപ്പെട്ടത്.
സംഭവത്തിന് പിന്നില് 26 വയസ്സുള്ള ദാരിയ ട്രെപ്പോവ എന്ന യുവതിയാണെന്നാണ് റഷ്യന് ആഭ്യന്തരമന്ത്രാലയം പറയുന്നത്.
ഇവരെ റഷ്യന് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റഷ്യയെയും പുടിനെയും അനുകൂലിച്ചുള്ള ബ്ളോഗ് എഴുത്തിലൂടെ അനേകം ഫോളോവേഴ്സിനെ ഉണ്ടാക്കിയ ബ്ളോഗറും മാധ്യമപ്രവര്ത്തകനുമാണ് വ്ളാദ്ലാന് ടാടാഴ്സ്കി.
മാക്സിം ഫോമിന് എന്നാണ് ഇയാളുടെ യഥാര്ത്ഥപേര്. റഷ്യയുടെ യുക്രെയിന് അധിനിവേശത്തെ അനുകൂലിച്ച് വ്ളാദ്ലാന് എന്ന പേരില് ഫോമിന് എഴുതുന്ന ബ്ളോഗിന് അനേകം ഫോളോവേഴ്സാണ് ഉള്ളത്.
ഫോമിന്റെ വധത്തെ ഭീകരത എന്നാണ് റഷ്യ വിശേഷിപ്പിക്കുന്നത്. ജയിലിലാക്കിയിട്ടുള്ള റഷ്യന് പ്രതിപക്ഷ നേതാവ് അലക്സി നവാല്നിയുടെ പിന്തുണയ്ക്കുന്ന സംഘത്തിന്റെ സഹായത്തോടെ യുക്രെയിന് നടപ്പിലാക്കിയ ഭീകരപ്രവര്ത്തി എന്നാണ് റഷ്യ ഫോമിന് വധത്തെ പറഞ്ഞിരിക്കുന്നത്.
സെന്റ്പീറ്റേഴ്സ് ബര്ഗിലെ സ്ട്രീറ്റ്ഫുഡ് ബാര് 1 ല് കഴിഞ്ഞ ദിവസം ഒരു രാഷ്ട്രീയ ചര്ച്ചയില് സംസാരിച്ചുകൊണ്ടിരിക്കുമ്പോള് ഉണ്ടായ അതിശക്തമായ സ്ഫോടനത്തിലായിരുന്നു ഇയാള് കൊല്ലപ്പെട്ടത്. സംഭവത്തില് 30 പേര്ക്ക് പരിക്കേറ്റു. എട്ടുപേരുടെ നില ഗുരുതരമാണ്.
സ്ഫോടനത്തിന് തൊട്ടുമുമ്പ് മുടി വെട്ടിയൊതുക്കിയ നീണ്ട കോട്ട് ധരിച്ച ഒരു യുവതി കയ്യിലൊരു കാര്ഡ്ബോര്ഡ് പെട്ടിയുമായി കഫേയിലേക്ക് നടന്നടുക്കുന്നത് വീഡിയോയില് റെക്കോഡ് ആയിട്ടുണ്ട്.
ഇവരുടെ കയ്യിലുണ്ടായിരുന്ന പെട്ട ബോംബ് ആയിരിക്കാമെന്നാണ് സംശയം. ട്രെപ്പോവയില് നിന്നും വ്ളാദ്ലാന് പെട്ടി സ്വീകരിക്കുന്നതിന്റെ ദൃശ്യം മറ്റൊരു വീഡിയോയിലുമുണ്ട്.
അതേസമയം ട്രെപ്പോവയെ വ്ളാദ്ലാന് വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം. തന്നെ നാസ്റ്റിയ എന്നായിരുന്നു വ്ളാദ്ലാന് യുവതി സ്വയം പരിചയപ്പെടുത്തിയിരുന്നത്.
സമ്മാനം നല്കി യുവതി പോയി ഏതാനും മിനിറ്റുകള്ക്ക് ശേഷമായിരുന്നു സ്ഫോടനം. ട്രെപ്പോവ അതിവേഗം നടന്നു തന്റെ വെള്ള നിറത്തിലുള്ള ഫോക്സ്വാഗണ് പോളോ കാറില് വേഗത്തില് ഓടിച്ചുപോകുകയും ചെയ്തു.
കൂറ്റന് സ്ഫോടനത്തില് കഫേയുടെ ജനല്ചില്ലുകള് പൊട്ടിത്തകര്ന്നിരുന്നു. സ്ഫോടനത്തില് കൊല്ലപ്പെട്ട ഏകയാളും വ്ളാദ്ലാന് ആയിരുന്നു.
ഉക്രെയിനിലെ ഡോണസ്ക്കില് ജനിച്ചയാളാണ് ഫോമിന്. 40 കാരനായ ഇദ്ദേഹം പിന്നീട് റഷ്യന് അനുകൂലവാദികള്ക്കൊപ്പം ചേരുകയും അവര്ക്കൊപ്പം നിന്ന് യുദ്ധതടവുകാരനാക്കപ്പെടുകയും ചെയ്തിട്ടുള്ളയാളാണ്.
പിന്നീട് ടെലിഗ്രാമില് വ്ളാദ്ലാന് എന്ന പേരില് ബ്ളോഗ് എഴുതി പ്രശസ്തനായി. അഞ്ചുലക്ഷം ഫോളോവേഴ്സാണ് ഇയാള്ക്ക് ടെലിഗ്രാമിലുള്ളത്.