കട്ടപ്പന : വണ്ടന്മേട് പോലീസ് സ്റ്റേഷൻ പരിധിയിൽ പുറ്റടിയിൽ ദന്പതികൾ പൊള്ളലേറ്റ് മരിച്ചു. ഇലവനാൽ തൊടുകയിൽ രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്.
ഇവരുടെ ഇളയ മകളും പ്ലസ് ടൂ വിദ്യാർഥിനിയുമായ ശ്രീ ധന്യ (18) യെ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശ്രീധന്യയ്ക്ക് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട് . കുടുംബപ്രശ്നമാണ് കാരണമെന്ന് പോലീസ് പറഞ്ഞു. ഉറങ്ങിക്കിടന്ന ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം ഭർത്താവും തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു.
ഞായറാഴ്ച അർധരാത്രിക്കു ശേഷമാണ് നാടിനെ ഞെട്ടിച്ച സംഭവം. ശ്രീധന്യയുടെ നിലവിളി കേട്ട് ഉണർന്ന അയൽവാസികൾ എത്തിയപ്പോഴേയ്ക്കു വീട് അഗ്നിക്കിരയായിരുന്നു.
കിടപ്പുമുറിയിൽ പടർന്ന തീ വെള്ളമൊഴിച്ച് അണച്ച് അയൽവാസികൾ അകത്തു കയറിയപ്പോൾ രവീന്ദ്രനും ഉഷയും മരിച്ചു കിടക്കുന്നതാണു കണ്ടത്.
തീ പടർന്നപ്പോൾ ഉണ്ടായ സ്ഫോടനത്തിൽ വീടിന്റെ മേൽക്കൂരയിലെ ഷീറ്റുകൾ തകർന്ന് ദന്പതികളുടെ ദേഹത്തുവീണ നിലയിലായിരുന്നു. തുടർന്നു പോലീസും ഫയർഫോഴ്സും എത്തിയാണ് മൃതദേഹങ്ങൾ ആശുപത്രിയിലേക്കു മാറ്റിയത്.
രവീന്ദ്രന്റെ മൂത്തമകൾ ശ്രുതി അടുത്തയിടെ പ്രണയിച്ചു വിവാഹം കഴിച്ചിരുന്നു. ഇതിനു ശേഷം രവീന്ദ്രൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്നു പറയുന്നു.
മരിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് രവീന്ദ്രൻ തന്റെ സുഹൃത്തായ ബാലകൃഷ്ണനു മരിക്കുന്നുവെന്നു സൂചന നൽകി വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു.
താൻ യാത്ര ചോദിക്കുകയാണെന്നും തന്നെ ഇവിടെയും ജീവിക്കാൻ അനുവദിക്കുന്നില്ലെന്നും മറ്റൊരാളിൽ നിന്നു കടം വാങ്ങിയ പണത്തിൽ 3274 രൂപ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് എന്നുമായിരുന്നു സന്ദേശം.
കുടുംബക്കാർ ഉൾപ്പെട്ട വാട്ട്സ്ആപ്പ് ഗ്രൂപ്പിലും രവീന്ദ്രൻ മരിക്കുന്നതിനു മുൻപ് സന്ദേശം അയച്ചിരുന്നെന്ന് പോലീസ് വ്യക്തമാക്കി. അണക്കരയിൽ സോപ്പ് ഉത്പന്നങ്ങൾ വിൽക്കുന്ന സ്ഥാപനം നടത്തുകയായിരുന്നു രവീന്ദ്രൻ.
ചികിത്സയിൽ കഴിയുന്ന മകൾ ശ്രീധന്യ പുറ്റടി എൻ എസ് പി എച്ച് എസിൽ പ്ലസ് ടു വിദ്യാർഥിനിയാണ്. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ വീട്ടുവളപ്പിൽ സംസ്കരിച്ചു.
വണ്ടൻമേട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മണ്ണെണ്ണ ഉപയോഗിച്ചാകാം തീകൊളുത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇടുക്കിയിൽ നിന്നെത്തിയ ഫോറൻസിക് വിദഗ്ധർ തീ പടർന്ന മുറിക്കുള്ളിൽ പരിശോധന നടത്തി.