കട്ടപ്പന: വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടി സ്വദേശിയായ യുവാവിനു കൊറോണ സ്ഥിരീകരിച്ചതിനേതുടർന്ന് യുവാവുമായി ഇടപഴകിയവരുടെ സ്രവങ്ങൾ പരിശോധിച്ച 18 പേരുടെ പരിശോധനാഫലം നെഗറ്റീവ്.
ഞായറാഴ്ചയാണ് യുവാവിനു കോവിഡ് -19 സ്ഥിരീകരിച്ചത്. ഇതിനേതുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തി യുവാവുമായി പ്രൈമറി കോണ്ടാക്ടുണ്ടായിരുന്നവരായി കണ്ടെത്തിയ 18 പേരുടെ സാന്പിളുകളാണ് തിങ്കളാഴ്ച പരിശോധനക്കെടുത്തത്. ഇവരുടെ ഫലങ്ങൾ ഇന്നലെ പുറത്തുവന്നു.
ഇതിൽ കൊറോണ പരിശോധന പോസിറ്റീവായിരുന്ന യുവാവിന്റെ വീട്ടിലെ അംഗങ്ങൾ, പുറ്റടി ആശുപത്രിയിലെ രണ്ടു ഡോക്ടർമാരും ജൂണിയർ ഹെൽത്ത് ഇൻസ്പെക്ടറും അണക്കര അൽഫോൻസ ആശുപത്രിയിലെ ഡോക്ടർ, സിസ്റ്റേഴ്സ്, നഴ്സ് ഉൾപ്പെടെയുള്ള 18 പേരുടെ ഫലങ്ങളാണ് നെഗറ്റീവായത്. ഇതുമായി ബന്ധപ്പെട്ട് 30 പേരെ ചൊവ്വാഴ്ചയും 15 പേരുടെ സ്രവങ്ങൾ ഇന്നലെയും പരിശോധനക്കെടുത്തിട്ടുണ്ട്. ഇവരുടെ ഫലങ്ങൾ അടുത്ത ദിവസങ്ങളിൽ എത്തിയേക്കും.