എസ്.ആര്‍.സുധീര്‍കുമാര്‍
കൊല്ലം: രാജ്യത്തെ ഞെട്ടിച്ച പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തം നടന്നിട്ട് ഇന്നലെ ആറുമാസം തികഞ്ഞു. ഏപ്രില്‍ പത്തിന് പുലര്‍ച്ചെ രണ്ടോടെയാണ് 110 പേരുടെ മരണത്തിന് ഇടയാക്കിയ വെടിക്കെട്ട് അപകടം നടന്നത്.ആറുമാസം പിന്നിടുമ്പോഴും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണം പൂര്‍ത്തിയായിട്ടില്ല. മൂന്നുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുമെന്നായിരുന്നു ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നതെങ്കിലും നാളിതുവരെയും അവര്‍ക്ക് അതിന് കഴിഞ്ഞിട്ടില്ല.ക്രൈംബ്രാഞ്ച് എസ്പി ജി.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം കുറ്റപത്രം തയാറാക്കി മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ട് ഒന്നരമാസത്തില്‍ അധികമായി.
കുറ്റപത്രത്തില്‍ നിരവധി പോരായ്മകള്‍ ഉള്ളതിനാല്‍ അത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മടക്കി നല്‍കിയതായാണ് വിവരം. പഴുതുകള്‍ അടച്ചുള്ള കുറ്റപത്രം തയാറാക്കാന്‍ ക്രൈംബ്രാഞ്ച് ഉന്നതന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കയാണ്.കുറ്റപത്രം മടക്കി അയച്ചവിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ അതീവ രഹസ്യമായി വച്ചിരിക്കയാണ്. കുറ്റപത്രത്തിലെ പിഴവുകള്‍ മാറ്റുന്നതിനുള്ള ജോലികള്‍ പുരോഗമിക്കുന്നത് തിരുവനന്തപുരത്തെയും കൊല്ലത്തെയും ക്രൈംബ്രാഞ്ച് ഓഫീസില്‍ പുരോഗമിക്കുകയാണ്.പരവൂരില്‍ താത്ക്കാലികമായി തുറന്ന ക്രൈംബ്രാഞ്ചിന്റെ ഓഫീസ് അടച്ചുപൂട്ടുകയും ചെയ്തു. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുറ്റപത്രം കുറ്റമറ്റതാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പരവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കേണ്ടത്.
ക്ഷേത്ര മാനേജിംഗ് കമ്മിറ്റി ഭാരവാഹികളെയും വെടിക്കെട്ട് കരാറുകാരെയും അവരുടെ ജീവനക്കാരെയും അടക്കം അറുപതോളം പേരെയാണ് കേസില്‍ പ്രതിചേര്‍ത്തിട്ടുള്ളത്.ക്ഷേത്രമാനേജിംഗ് കമ്മിറ്റി ഭാരവാഹികളില്‍ രണ്ടുപേര്‍ ഒഴികെ ബാക്കിയുള്ളവരെല്ലാം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഇവരില്‍ ഒരാള്‍ വനിതയാണ്. പ്രതിസ്ഥാനത്തുള്ള പ്രധാനപ്പെട്ട പതിനഞ്ചോളം പേര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.അനുമതിയില്ലാതെ മത്സരക്കമ്പം നടത്തി എന്നുള്ളതാണ് ക്ഷേത്രകമ്മിറ്റി ഭാരവാഹികള്‍ക്കെതിരേയുള്ള പ്രധാന കുറ്റം. വെടിക്കെട്ട് നടക്കുമ്പോള്‍ സ്ഥലത്തുണ്ടായിരുന്ന റവന്യൂ-പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്തിട്ടുമില്ല.
ക്ഷേത്രപരിസരത്ത് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട പോലീസുകാരും ഉദ്യോഗസ്ഥരും വെടിക്കെട്ട് ആരംഭിക്കുന്നതിന് മുമ്പേ തന്നെ സ്ഥലം വിട്ടതായും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവര്‍ക്കെതിരേ വകുപ്പുതല നടപടി മാത്രം മതിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ ശുപാര്‍ശ.വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് ചെന്നെയിലെ ചീഫ് കണ്‍ട്രോളര്‍ ഒഫ് എക്‌സ്‌പ്ലോസീവ്‌സ് എ.കെ.യാദവ് അധ്യക്ഷനായ കേന്ദ്രകമ്മീഷന്‍ വിശദമായ അന്വേഷണവും തെളിവെടുപ്പും നടത്തുകയുണ്ടായി.പരവൂര്‍ നഗരസഭാ ഓഫീസിലും കൊല്ലം ആശ്രാമം ഗസ്റ്റ്ഹൗസിലും സിറ്റിംഗ് നടത്തി ദുരന്തവുമായി ബന്ധപ്പെട്ട് എല്ലാവരുടെയും മൊഴികള്‍ കമ്മീഷന്‍ ശേഖരിക്കുകയുണ്ടായി. ഇവരില്‍ പോലീസും റവന്യൂ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ ഉള്‍പ്പെടും.
കമ്മീഷന്‍ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പോലീസിന്റെയും റവന്യൂ അധികാരികളുടെയും ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചകള്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാല്‍ ഇത്തരം വീഴ്ചകള്‍ക്ക് നേരേ സംസ്ഥാന ക്രൈംബ്രാഞ്ചിലെ ചില ഉദ്യോഗസ്ഥര്‍ ബോധപൂര്‍വം കണ്ണടയ്ക്കുകയായിരുന്നു.
ദുരന്തത്തില്‍ 750 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും അഞ്ഞൂറോളം വീടുകള്‍ക്ക് കേടുപാടുകളും സംഭവിച്ചു. ഇവര്‍ക്കെല്ലാം മതിയായ സാമ്പത്തിക സഹായവും നഷ്ടപരിഹാരവും ലഭിച്ചില്ലെന്ന പരാതി ഇപ്പോഴും നിലനില്‍ക്കുകയാണ്. കേടുപാടുകള്‍ സംഭവിച്ച നിരവധി വീടുകളില്‍ റവന്യൂ അധികൃതര്‍ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുമില്ല.വെടിക്കെട്ട് ദുരന്തം അന്വേഷിക്കുന്നതിന് ജുഡീഷല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. ജസ്റ്റിസ് എന്‍.കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ അന്വേഷിക്കേണ്ട വിഷയങ്ങള്‍ സംബന്ധിച്ച ടേംസ് ഒഫ് റഫറന്‍സ് നിശ്ചയിച്ച് ഉത്തരവ് ഇറങ്ങിയത് രണ്ട് ദിവസം മുമ്പാണ്.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത്‌നിന്ന് ഗുരുതരമായ അലംഭാവം ഉണ്ടായിട്ടുണ്ട്. കമ്മീഷനെ പ്രഖ്യാപിച്ച് ആറുമാസം ആകുമ്പോഴാണ് അന്വേഷണ വിഷയം നിശ്ചയിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഈ മാസം കമ്മീഷന്റെ കാലാവധി അവസാനിക്കും.
ഓഫീസും ജീവനക്കാരെയും അനുവദിച്ച് കിട്ടാത്തതിനാല്‍ കമ്മീഷന്റെ പ്രവര്‍ത്തനം ഇതുവരെയും ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ സമയം നീട്ടിക്കൊടുക്കുമെന്നാണ് കമ്മീഷന്റെ പ്രതീക്ഷ.അതേസമയം പുറ്റിംഗല്‍ കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ സംസ്ഥാന സര്‍ക്കാരിനോടും ഹൈക്കോടതിയോടും ആവശ്യപ്പെട്ടിരിക്കയാണ്.കേസിലെ പബ്ലിക് പ്രോസിക്യൂട്ടറായി പാരിപ്പള്ളി രവീന്ദ്രനെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചു.ക്ഷേത്രകമ്മിറ്റി ഭാരവാഹികളുടെ കാലാവധി പൂര്‍ത്തിയാതിനാലും ഇവര്‍ ജയിലില്‍ ആയിരന്നതിനാലും തന്ത്രി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്ററായി ഹൈക്കോടതി ചുമതലപ്പെടുത്തിയിരുന്നു.എന്നാല്‍ ഇപ്പോള്‍ നിലവിലുള്ള ഭരണസമിതിക്ക് ഹൈക്കോടതി താത്ക്കാലികമായി അധികാരം കൈമാറി.തെരഞ്ഞെടുപ്പ് നടത്തി പുതിയ സമിതിക്ക് അധികാരം കൈമാറുന്നതുവരെ നിലവിലുള്ള ഭരണസമിക്ക് തുടരാം.
ഇപ്പോഴും നൊമ്പരക്കാഴ്ചകള്‍ ബാക്കി
പരവൂര്‍: ക്ഷേത്രപരിസരത്ത് ഇപ്പോഴും നൊമ്പരക്കാഴ്ചകളുടെ ശേഷിപ്പുകള്‍. അമ്പലത്തിന് പുറകുവശത്ത് ആരോ നടത്തിയ താത്ക്കാലിക ചായക്കട ഇപ്പോഴും പൊളിച്ചുമാറ്റിയിട്ടില്ല.കടയ്ക്ക് ഉള്‍വശം കാടുപിടിച്ചു കിടക്കുന്നു. കണ്ണാടി പെട്ടിയും മേശയും സ്റ്റൂളുമൊക്കെ നാല് കമ്പിക്കാലില്‍ നില്‍ക്കുന്ന കടയില്‍ ഭദ്രമായുണ്ട്. കുറെയധികം വസ്ത്രങ്ങളും ഉള്ളില്‍ കിടക്കുന്നു. ഇത് ആരുടെ കടയായിരുന്നു എന്ന് പലരോടും ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചില്ല. ഇത് നടത്തിയവര്‍ ജീവിച്ചിരിപ്പില്ല എന്നത് വ്യക്തം. ദുരന്തത്തിന്റെ ബാക്കിപത്രമായ ഈ കട കാഴ്ചക്കാരുടെ മനസിനെ ഇപ്പോഴും പൊള്ളിക്കുന്നതാണ്.
എന്നും ക്ഷേത്രം തുറക്കുന്നത് ആചാരമായ കുറ്റിവെടിയോടെയാണ്. അത് ഇല്ലാതായിട്ടും ആറുമാസമായി. വെടിപ്പുരയും അനാഥമായി. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഉച്ചഭാഷിണിയില്‍ നിന്നുള്ള ദേവീസ്തുതികള്‍ മാത്രമാണ് ഇവിടെ നിശബ്ദതയെ ഭേദിക്കുന്നത്. ദുരന്തത്തില്‍ തകര്‍ന്ന വടക്കേകമ്പപ്പുരയെ പൂര്‍ണമായും പുല്‍പ്പടര്‍പ്പ് പുണര്‍ന്നിരിക്കുന്നു. ഇതിനിടയില്‍ അങ്ങിങ്ങ് കോണ്‍ക്രീറ്റ് തൂണുകളിലെ ഇരുമ്പ് കമ്പികള്‍ പൊങ്ങിനില്‍ക്കുന്നു.
ദുരന്തത്തില്‍ തകര്‍ന്ന ക്ഷേത്രകൊട്ടാരത്തിന്റെ മേല്‍ക്കൂര ടാര്‍പോളിന്‍ കൊണ്ട് മറച്ചിരിക്കുന്നു. സമീപത്തെ ടെന്‍ഡില്‍ രാപകലില്ലാതെയുള്ള പോലീസിന്റെ ജാഗ്രത.സമീപത്ത് തന്നെയുള്ള ക്ഷേത്രത്തിലെ മൂലസ്ഥാനത്തിന്റെ ചുറ്റുമതില്‍ തകര്‍ക്കപ്പെട്ടതും അതേപടിതന്നെ. ഉപേക്ഷിക്കപ്പെട്ട ചെരുപ്പുകളും പ്ലാസ്റ്റിക് കുപ്പികളും ചതഞ്ഞരഞ്ഞ് ക്ഷേത്രമൈതാനത്ത് അങ്ങിങ്ങ് കിടക്കുന്നു.സ്‌ഫോടനത്തില്‍ തകര്‍ന്ന കമ്പപ്പുരയില്‍ നിന്ന് തെറിച്ചുപോയ കോണ്‍ക്രീറ്റ് ബീമുകളില്‍ ചിലതും പരിസരത്തുണ്ട്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു വാട്ടര്‍ടാങ്കും. ഈ കണ്ണീരോര്‍മകള്‍ മായ്‌ച്ചെടുക്കാന്‍ കാലത്തിന് കഴിയുന്ന കാലം വിദൂരം.ക്ഷേത്രത്തിന് മുന്നിലെ കളിത്തട്ടുകളില്‍ നിത്യവും എത്തുന്ന ഭക്തര്‍ ഇരിപ്പുണ്ട്. ദുരന്തത്തിന്റെ ഓര്‍മകളും പേറിയാണ് അവര്‍ എല്ലാദിവസവും എത്തി ദര്‍ശനം കഴിഞ്ഞ് മടങ്ങുന്നത്.
ഇതാണ് കാഴ്ചകളെങ്കിലും നാട്ടുകാരില്‍ ദുരന്തം വിതച്ച ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ഉറക്കത്തില്‍ പോലും പലരും സ്വപ്നത്തില്‍ വെടിയൊച്ച കേട്ട് ഉണര്‍ന്നെഴുന്നേല്‍ക്കുന്നു.അംഗ വൈകല്യം സംഭവിച്ചും ഗുതരമായ പരിക്കുകളേറ്റും വേദന തിന്ന് കഴിയുന്ന നൂറുകണക്കിന് ആള്‍ക്കാര്‍. ഉണങ്ങാത്ത മുറിവുകളുമായി ഉറക്കംപോലും ഇല്ലാതെ കഴിയുന്നവര്‍.നീറുന്ന മനസുകള്‍ക്ക് അധികൃതരുടെ വാക്കുകള്‍ ആശ്വാസ ലേപനമാകുന്നില്ല. ഇവരെ സുഖപ്പെടുത്താന്‍ ഇനിയും സഹായവും സാന്ത്വനവും ആവശ്യമാണ്.
അട്ടിമറി സാധ്യത അന്വേഷിച്ചതേയില്ല
പരവൂര്‍: വെടിക്കെട്ട് ദുരന്തിന് അട്ടിമറിയുണ്ടോ എന്ന ആശങ്കയും ആരോപണവും സംബന്ധിച്ച് ബന്ധപ്പെട്ട ഏജന്‍സികളൊന്നും ഫലപ്രദമായ അന്വേഷണം ഇതുവരെയും നടത്തിയിട്ടില്ല.കടലും കായലും ചേര്‍ന്ന് കിടക്കുന്ന പരവൂര്‍ പ്രദേശത്ത് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യതയില്ലേയെന്ന് ഹൈക്കോടതി പോലും സംശയം പ്രകടപ്പിക്കുകയുണ്ടായി. എന്നാല്‍ ഇതിനെ പൂര്‍ണമായും എതിര്‍ക്കുന്ന നിലപാടാണ് പോലീസും ക്രൈംബ്രാഞ്ചും തുടക്കം മുതലേ സ്വീകരിച്ചത്. സ്‌ഫോടനം നടക്കുന്നതിന് നിമിഷങ്ങള്‍ക്ക് അജ്ഞാതനായ ഒരാള്‍ വടക്കേ കമ്പപ്പുരയില്‍ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
ക്ഷേത്രകമ്മിറ്റി ഭാരവാഹികളും ഇക്കാര്യം ക്രൈംബ്രാഞ്ചിനോട് ചൂണ്ടിക്കാട്ടുകയുണ്ടായി. അന്വേഷണം അട്ടിമറി സാധ്യത സംബന്ധിച്ചായാല്‍ 110 പേര്‍ മരിച്ച സ്‌ഫോടന കേസ് ദുര്‍ബലമായി പോകുമെന്ന ചിന്ത ചില ഉദ്യോഗസ്ഥരില്‍ ഉദിച്ചത് കാരണമാണ് ഇത് വേണ്ടെന്നു വച്ചത്. ഇക്കാര്യത്തില്‍ ബാഹ്യ ശക്തികള്‍ ഇടപെട്ടോ എന്ന സംശയവും നാട്ടുകാരില്‍ ബലപ്പെട്ടിട്ടുണ്ട്.വെടിക്കെട്ട് ദുരന്തം നടന്നശേഷം സായുധ സംഘം ക്ഷേത്ര കമ്മിറ്റി ഓഫീസിന് നേരേ ആക്രമണം നടത്തുകയുണ്ടായി. ഇതുസംബന്ധിച്ച പരാതിയിലും ക്രൈംബ്രാഞ്ച് അടുത്തിടെയാണ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയത്.
ജാമ്യത്തില്‍ ഇറങ്ങിയ ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ അടക്കം ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചുവരുത്തിമൊഴിയെടുക്കുകയുണ്ടായി. ഇതിന്റെ അടിസ്ഥാനത്തില്‍ അക്രമി സംഘത്തിലെ ഏതാനും പേരെ അന്വേഷണ ഉദ്യോഗസ്ഥര്‍ തിരിച്ചറിയുകയും ചെയ്തു. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയെങ്കിലും അത് വൈകുന്നതിലും ഇടപെടലുകള്‍ നടന്നതായി സൂചനയുണ്ട്.അതുപോലെ തന്നെ ക്ഷേത്രത്തിന്റെ മൂലസ്ഥാനത്തിന്റെ ചുറ്റുമതില്‍ തകര്‍പ്പെട്ട സംഭവത്തിലും കാര്യമായ അന്വേഷണം നടന്നിട്ടില്ല. ഈ കേസ് പരവൂര്‍ പോലീസ് തന്നെയാണ് അന്വേഷിക്കുന്നത്.