വിഴിഞ്ഞം: സമൂഹ വ്യാപനം കണ്ടെത്തിയ പുല്ലുവിളയിൽ പ്രതിഷേധം അതിരുകടന്നു. കോവിഡ് രോഗികളെ ചികിത്സിക്കുന്ന താത്കാലിക ആശുപത്രിക്ക് നേരെ ആക്രമണം. വോളന്റിയർമാരെ മർദിച്ച സംഘം രോഗികളെ പാർപ്പിച്ചിരിക്കുന്ന മുറികളിൽ മാസ്ക്ക് ധരിക്കാതെ കയറിയിറങ്ങി ഭീഷണി മുഴക്കി.
രോഗവ്യാപനം കണ്ടെത്താൻ നടത്തിക്കൊണ്ടിരുന്ന ആന്റിജൻ ടെസറ്റ് തടസപ്പെടുത്തി ഡോക്ടർ ഉൾപ്പെടെയുള്ള ആരോഗ്യവകുപ്പധികൃതരെ വെല്ലുവിളിച്ച പ്രതിഷേധക്കാരെ നിയന്ത്രിക്കാനെത്തിയ പോലീസിനെയും തടഞ്ഞുവച്ചു.
കൃത്യനിർവഹണത്തിന് തടസം വരുത്തി, രോഗവ്യാപനത്തിന് ശ്രമം നടത്തിയതുൾപ്പെടെയുള്ള കാര്യങ്ങൾ പറഞ്ഞ് കാഞ്ഞിരംകുളം പോലീസ് കേസെടുത്തെങ്കിലും ആരെയും പിടികൂടിയില്ല.
തുടർച്ചയായ രണ്ടാം ദിവസമാണ് ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ച പുല്ലുവിളയിൽ കർശനനിയന്ത്രണങ്ങളും നിർദേശങ്ങളും ലംഘിച്ച് ജനം തെരുവിലിറങ്ങുന്നത്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ടോടെ സ്ത്രീകളും കുട്ടികളും പുരുഷൻമാരുമുൾപ്പെട്ട 250 പേർ വരുന്ന സംഘം കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽപ്പറത്തി മുന്നറിയിപ്പില്ലാതെ രംഗത്തിറങ്ങിയത്.പുല്ലുവിള ജംഗഷനിൽ കൂട്ടം കൂടിയവർ തൊട്ടടുത്ത് സ്കൂളിൽ പ്രവർത്തിക്കുന്ന താത്കാലിക ആശുപത്രിക്ക് നേരെ തിരിഞ്ഞു.
ഈ സമയം തീരദേശത്തെകരിംകുളം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നിന്നുള്ള 110 കോവിഡ് രോഗികൾ ചികിത്സയിലുണ്ടായിരുന്നു. സ്കൂളിന്റെ ഗേറ്റ് ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നവർ ആശുപത്രിയുടെയും രോഗികളുടെയും സുരക്ഷക്കായി നിയോഗിക്കപ്പെട്ട ആറോളം വോളന്റിയർമാരെ ആക്രമിച്ചു.
തുടർന്ന് രോഗികളുടെ മുറികളിൽ കയറി പുല്ലുവിളക്കാർ അല്ലാത്തവർ ആശുപത്രി വിട്ട് പോകണമെന്ന ആവശ്യമുന്നയിച്ചു ഭീഷണി മുഴക്കിയതായി അധികൃതർ പറയുന്നു.
തടയാനെത്തിയ മുൻ പഞ്ചായത്തംഗത്തെയും മർദിച്ച് അവശനാക്കി. രോഗിയായിരുന്ന ഇയാൾ തുടർ പരിശോധനയിൽ നെഗറ്റീവായതിനെ തുടർന്ന് ഇന്നലെ ഇവിടത്തെ ആശുപത്രി വിട്ടതായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെയും റോഡിൽ തടഞ്ഞു. പോലീസിന്റെയും ആരോഗ്യ വകുപ്പധികൃതരുടെയും ജനപ്രതിനിധികളുടെയും ഉപദേശങ്ങൾക്കും മുന്നറിയിപ്പുകൾക്കും ചെവികൊടുക്കാത്ത പ്രതിഷേധക്കാർ പ്രദേശികവാദമുന്നയിച്ച് മണിക്കൂറുകളോളം തെരുവിൽ അലഞ്ഞു.തൊടുന്യായങ്ങൾ നിരത്തിയ ജനം രോഗനിർണയത്തിനായുള്ള ആന്റിജൻ പരിശോധനക്ക് പോലും സഹകരിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു.
രോഗ വ്യാപനംസമൂഹ വ്യാപനത്തിലേക്ക് വഴിമാറിയ പുല്ലുവിളയിൽ പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ജനത്തെ രക്ഷപ്പെടുത്താനുള്ള ഊർജിത ശ്രമങ്ങൾ അധികൃതർ നടത്തുന്നതിനിടയിലാണ് എല്ലാം തകിടം മറിച്ചുള്ള ഒരു വിഭാഗത്തിന്റെ പ്രതിഷേധം. ഇത് രോഗികളുടെ എണ്ണം കൂടുതൽ വർധിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ വിലയിരുത്തുന്നു.
തീരദേശത്തെവിവിധയിടങ്ങളിൽ നിന്നുള്ള 55 പേരിൽ നടത്തിയ പരിശോധനയിൽ ഇന്നലെയും ഏഴു പേരെ പോസിറ്റീവായി കണ്ടെത്തിയിരുന്നു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ അംഗികരിക്കാത്ത ജനം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ചയും പ്രതിഷേധവുമായി രംഗത്തെത്തിയി
രുന്നു.
അനുരഞ്ചനത്തിന്റെ ഭാഗമായി അഡിഷണൽ തഹസിൽദാർ, നെയ്യാറ്റിൻകര ഡിവൈഎസ്പി, കാഞ്ഞിരംകുളം സിഐ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി ഇന്നലെ രാവിലെ പൂവാറിൽ ചർച്ച നടത്തിയിരുന്നു.
ഇതിന്റെ ഭാഗമായി രാവിലെ എട്ട് മുതൽ വൈകുന്നേരം നാല് വരെ കടകൾ തുറക്കാമെന്നും പത്താം തിയതി മുതൽ മീൻ പിടിക്കാൻ കടലിൽ ഇറങ്ങാം എന്നിങ്ങനെയുള്ള ഇളവുകൾ അനുവദിച്ചു.
കൂടാതെ പുതിയതുറയിലെ ബാരിക്കേഡ് പരണിയത്തിലേക്കും, പുല്ലുവിളയിലേത് കാഞ്ഞിരംകുളം കോളേജ് റോഡിന് സമീപത്തേക്കും മാറ്റി സ്ഥാപിക്കാൻ തീരുമാനമായി.ചർച്ചകൾ കഴിഞ്ഞ ശേഷമാണ് വീണ്ടും പ്രതിഷേധവുമായി ജനം തെരുവിലിറങ്ങി അധികൃതരെ ഞെട്ടിച്ചത്.