ന്യൂഡൽഹി: ജമ്മു കാഷ്മീരിൽ പുൽവാമയ്ക്കു സമാനമായ രീതിയിൽ ആക്രമണം നടത്താൻ സാധ്യതയെന്ന് അമേരിക്കയുടെയും പാക്കിസ്ഥാന്റെയും മുന്നറിയിപ്പ്. രഹസ്യാന്വേഷണ വിവരം പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഇന്ത്യക്കു കൈമാറിയെന്നാണു റിപ്പോർട്ട്.
അവന്തിപോറയ്ക്ക് സമീപം ആക്രമണം നടത്താനാണു ഭീകരർ ലക്ഷ്യമിടുന്നതെന്നാണു മുന്നറിയിപ്പിൽ പറയുന്നതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണം.
ഭീകരസംഘടനയായ അൽക്വയ്ദയാണ് ആക്രമണത്തിനു ശ്രമിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ജമ്മു കാഷ്മീരിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഭീകരവാദത്തിനെതിരേ നടപടിയെടുത്തില്ലെങ്കിൽ ചർച്ചയ്ക്കില്ലെന്നു ഷാങ്ഹായ് ഉച്ചകോടിയിൽ ഇന്ത്യ പാക്കിസ്ഥാനു മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണു പാക്കിസ്ഥാന്റെ മുന്നറിയിപ്പ്.
പുൽവാമയിൽ ഈ ഫെബ്രുവരിയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 44 സിആർപിഎഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു. വാഹനവ്യൂഹത്തിലേക്ക് സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റിയായിരുന്നു ആക്രമണം.