പയ്യന്നൂര്‍: പതിവായുള്ള മഴക്കാലത്തെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ പഴയകാല ജലഗതാഗത ചരിത്രമുള്ള തോടിന് പുനര്ജന്മം നല്കി ജനകീയ കൂട്ടായ്മ. മുട്ടത്ത് കടവ് തോട് എന്നറിയപ്പെടുന്ന മമ്പലം- വാടിപ്പുറം തോടിന് പുനര്ജന്മം നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.
ഈ പ്രദേശങ്ങളില്‍ മഴക്കാലത്ത് വെള്ളക്കെട്ടുയരാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പയ്യന്നൂരിലെ ബലിയപട്ടം ടൈല്‍സ് കമ്പനിക്ക് വടക്കുഭാഗത്തുകൂടി കടന്നുപോകുന്ന മമ്പലം – വാടിപ്പുറം തോട് മണ്ണുമൂടിക്കിടന്നതാണ് ഇതിന് കാരണമെന്ന് കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ പരിഹാരമാര്‍ഗങ്ങള്‍ അന്വേഷിക്കുവാന്‍ തുടങ്ങിയത്.
കവ്വായി പാലം വരുന്നതിന് മുമ്പ് വലിയ കടപ്പുറം, കവ്വായി ഭാഗങ്ങളില്‍ നിന്ന് കൊപ്രയും, തേങ്ങയുമൊക്കെ മില്ലിലേക്കും പയ്യന്നൂരിലേക്കും ഇവിടെ നിന്ന് വീടു നിര്‍മാണത്തിനാവശ്യമായ ഓട്, കച്ചവടത്തിനാവശ്യമായ പലച്ചരക്ക് സാധനങ്ങളുമൊക്കെ കടത്തിയിരുന്നത് ഈ തോട് വഴിയായിരുന്നു. കല്ലേറ്റുംകടവില്നിന്നും വീട്ടാവശ്യത്തിനുള്ള ചെങ്കല്ല് കൊണ്ടുവന്നിരുന്നതും ഈ തോടുവഴിയായിരുന്നു.
ഒരുനാടിന്റെ ജീവസ്പന്ദനം
ഒരുനാടിന്റെ ജീവസ്പന്ദനമായിരുന്ന തോടാണ് മണ്ണുമൂടി നാമാവശേഷമായത്. നാട്ടുകാരുടെ കൂട്ടായ ചര്‍ച്ചയുടെ ഫലമായാണ് പതിറ്റാണ്ടുകളായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍പോലും നടക്കാതിരുന്ന തോടിന് പുനര്‍ജീവന്‍ നല്‍കാനുള്ള തീരുമാനമുണ്ടായത്.
പ്രദേശത്തെ നാല് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മയിലൂടെയാണ് ഇപ്പോള്‍ തോട്ടിലൂടെ നീരൊഴുക്കുണ്ടാക്കുവാന് സാധിച്ചത്.ഒരു കിലോ മീറ്ററോളം ദൂരം റെയില്‍വേയുടെ അധീനതയിലായിരുന്നതിനാല്‍ റെയില്‍വേ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് തോട് ശുചീകരിക്കാനുള്ള അനുമതി ലഭിച്ചത്.
എം.പ്രസാദ്, ഇ.ശാരിക, പി.ഷിജി, ഹസീന കാട്ടൂര്‍ എന്നീ കൗണ്‍സിലര്‍മാരുടെ സാനിറ്റേഷന്‍ ഫണ്ടും നാട്ടുകാരുടെ സംഭാവനയും സ്വരൂപിച്ചാണ് ശുചീകരണ പ്രവര്‍ത്തനം നടത്തിയത്.
ഇനി ഈ തോട് തടസമില്ലാതെ ഒഴുകുമെന്ന് മാത്രമല്ല തെക്കെ മമ്പലം, കാനം, മമ്പലം, സുരഭി നഗര്‍, കേളോത്ത്, കൊറ്റി, വാടിപ്പുറം പ്രദേശങ്ങളില്‍ കഴിഞ്ഞ മഴക്കാലങ്ങളില്‍ ഉണ്ടായ വെള്ളപൊക്കത്തിന് ഇതോടെ പരിഹാരമാകും.