കോട്ടയം: കോട്ടയം നഗരസഭയിലെ പുഴകൾ ഇനി തെളിനീരോടെ ഒഴുകും.നാടിന്റെ ജലസ്രോതസുകളായ നീർച്ചാലുകളെ മാലിന്യ മുക്തമാക്കി ജനകീയമായി വീണ്ടെടുക്കുന്ന “ഇനി ഞാൻ ഒഴുകട്ടെ’ കാംപയിന്റെ ഭാഗമായി പോഴ വാരിയും തോട്ടിലോട്ട് ചാഞ്ഞു കിടന്ന മരച്ചില്ലകൾ വെട്ടിയൊതുക്കിയും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കോരി നീക്കിയും പുഴ വീണ്ടതെടുത്തതോടെ നഗര സഭയിലെ 22 തോടുകൾക്കാണ് പുതുജീവൻ ലഭ്യമായത്.
നീരൊഴുക്ക് സുഗമമാക്കി വലിയ തോടുകളുടെ ആഴം കൂട്ടി ചെളിയും എക്കലും വാരിയാണ് നവീകരണം പുരോഗമിക്കുന്നത്. കോട്ടയം നഗരസഭ, ഇറിഗേഷൻ ഡിപ്പാർട്ട്മെന്റ്, ഹരിത കേരളം മിഷൻ, വാർഡ് കൗണ്‍സിലർമാർ, ആരോഗ്യ വിഭാഗം,
അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി കോർഡിനേറ്റർമാർ തുടങ്ങിയവരുടെ സംയുക്ത സഹകരണത്തോടെ ഫെബ്രുവരി അവസാനമായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഇറങ്ങി ശുചീകരിക്കാൻ കഴിയാത്ത തോടുകളിൽ യന്ത്ര സഹായം വേണ്ടി വന്നു. വള്ളവും ഉപയോഗിച്ചു.
തോടിന് ഇരുവശവും ഭംഗി കൂട്ടാൻ പൂക്കളുണ്ടാവുന്ന ചെടികളും ഒൗഷധ സസ്യങ്ങളും നട്ടു. ഒപ്പം കയർഭൂവസ്ത്രം വിരിക്കുന്നുമുണ്ട്.ഹരിത കേരളം മിഷന്റെ ഇനി ഞാൻ ഒഴുകട്ടെ… വീണ്ടെടുക്കാം ജലശൃംഖലകൾ’ മൂന്നാം ഘട്ടം ക്യാന്പയിന്റെ ഭാഗമായാണ് തോടിന് പുതുജീവൻ ലഭിക്കാനിടയായത്.
ശുചീകരണ പ്രവർത്തനങ്ങൾ ഇപ്പോഴും പുരോഗമിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ മറ്റു പ്രദേശങ്ങളിലേയും തോടുകൾ ശുചീകരിക്കാനുണ്ട്. 10 തോടുകളുടെ ശുചീകരണ പ്രവർത്തനങ്ങളാണ് നിലവിൽ പുരോഗമിക്കുന്നത്.
തോടുകൾ തെളിച്ചെടുക്കുന്നതോടെ ഒഴുക്ക് സുഗമമാകും. വെള്ളപ്പൊക്കത്തിന്റെ രൂക്ഷത കുറയ്ക്കാക്കാനും മഴക്കാലജന്യ രോഗങ്ങൾ കുറയ്ക്കാനും ഇതു ഗുണകരമാകും.
ഒഴുക്ക് വീണ്ടെടുത്ത തോടുകൾ
ചിങ്ങവനം വെട്ടിത്തറ ലക്ഷ്മീപുരം തോട്, ചിങ്ങവനം ചിറ്റടിച്ചിറ തോട്, വെട്ടിത്തറ കാഞ്ഞൂർ തോട്, മണിപ്പുഴ ഈരയിൽ കടവ് തോട്, പാറേച്ചാൽ പുത്തൻ തോട്, തിരുവാതുക്കൽ പാറേച്ചാൽ തോട്, മാണിക്കുന്നം പാറപ്പാടം തോട്, സംക്രാന്തി റെയിൽവേ അടിപ്പാത മീനച്ചിലാർ ചെറുതോട്, വെഞ്ചാപ്പള്ളിൽ തോട്, ആക്കളം പന്നിമറ്റം കനാൽ തോട്, മുടിയൂർക്കര തോട്, കരമറ്റം തോട്, കോലാകുളം തോട്, മുഴൂർപാടം, അർത്യാകുളം, എഫ്എസിടി കടവ്, നാട്ട്തോട്, മാന്താർ തോട്, ചെട്ടിക്കുന്ന് കണ്ണങ്കര തോട്, പാരഗണ്‍ തോട്, പാക്കിൽചിറ തോട്- റെയിൽവേ കാഞ്ഞിരവളവ് കനാൽ