കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ ആനച്ചാൽപുഴയിൽ തെളിനീരിനായ് “പുഴനടത്തം” നാളെ നടക്കും.ഇനി ഞാൻ ഒഴുകട്ടെ എന്ന സംസ്ഥാന ഹരിത കേരളം മിഷൻകാന്പയിന്റെ ഭാഗമായി കരുമാല്ലൂർ ഗ്രാമപഞ്ചായത്തിലെ എറ്റവും മലിനമായതും നീരൊഴുക്ക് നിലച്ചതുമായ ആനച്ചാൽ പുഴയിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ പുഴ നടത്തം നടക്കും.
നാളെ രാവിലെ ഒൻപത് മുതൽ മാഞ്ഞാലി മാവിൻ ചുവട്ടിൽനിന്നാരംഭിക്കും. പെരിയാറും വേമ്പനാട്ട് കായലും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പുഴയെ വിശേഷിപ്പിക്കുന്നത് തുകലൻ കുത്തിയതോട് എന്നാണ്. കൈയേറ്റവും മറ്റും മൂലം തോട് ചുരുങ്ങുകയും മലിനമാക്കപ്പെടുകയും ചെയ്തു.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച്കൊണ്ട് ഈ മാസം അവസാനമാണ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. നിലവിലെ തോടിന്റെ അവസ്ഥയെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് മനസിലാക്കുന്നതിനും ഭാവിയിൽ നഷ്ടപ്പെട്ട പ്രതാപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിനും ഉള്ള ഒരുക്കത്തിന്റെ ഭാഗമായാണ് നീർത്തട നടത്തം നിശ്ചയിച്ചിട്ടുള്ളത്.
മാഞ്ഞാലി മാവിൻ ചുവടിൽ നിന്നാരംഭിക്കുന്ന പുഴ നടത്തത്തിൽ ജനപ്രതിനിധികളും റവന്യൂ ഉദ്യോഗസ്ഥരും മൈനർഇറിഗേഷൻ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികാരികളും പങ്കെടുക്കും.