ഭീമനടി: മരണം പതിയിരിക്കുന്ന ചൈത്രവാഹിനി പുഴയിലെ ചതിക്കുഴികളിൽ മരണമടഞ്ഞത് നിരവധിപ്പേർ.
കർണാടക വനത്തിൽ നിന്നുത്ഭവിച്ച് കാസർഗോഡിന്റെ കിഴക്കൻ മലയോരത്ത് കൂടി ഒഴുകി അറബിക്കടലിൽ എത്തിച്ചേരുന്ന ചൈത്രവാഹിനി പുഴയ്ക്ക് അധികമാർക്കും അറിയാത്ത പ്രത്യേകതകളുണ്ട്.
പുഴയിലുള്ള നിരവധി കയങ്ങൾ അപകടം ഉണ്ടാക്കുന്നവയാണ്. അതുപോലെ ചുഴികളും.
കുന്നുംകൈ വരെ വേലിയേറ്റം എത്താറുണ്ട്. ഇതിന് താഴേക്ക് അത്യന്തം അപകടമാണ്. ഏതുസമയത്തും വേലിയേറ്റം ഉണ്ടാകാം.
അതുകൊണ്ടാണ് മരണപ്പെട്ട വിദ്യാർഥികൾ പുഴയിൽ ഇറങ്ങിയ സ്ഥലത്തുനിന്നും മീറ്ററുകളോളം മുകൾ ഭാഗത്ത് എത്തിയത് .ഏതാനും വർഷം മുന്പ് ഭീമനടി പുഴയിൽ കുളിച്ചുകൊണ്ടിരുന്ന അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നു.
അതുപോലെ മുക്കട പാലത്തിന് സമീപം രണ്ടുവർഷം മുന്പ് രണ്ടുയുവാക്കൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.
ആറുമാസം മുന്പ് ചെമ്പൻകുന്നിൽ പുഴയിലിറങ്ങിയ വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടപ്പോൾ പ്രദേശവാസികൾ സാഹസികമായി രക്ഷപ്പെടുത്തിയിരുന്നു.
ഈ പുഴയുടെ പ്രത്യേകത അറിയാവുന്നവരല്ലാതെ ആരു വന്നാലും അപകടത്തിൽപ്പെടുമെന്ന് നാട്ടുകാർ പറയുന്നു. പുറത്തുനിന്നുള്ളവരെ പുഴയിൽ ഇറങ്ങുന്നത് നാട്ടുകാർ വിലക്കാറുണ്ട്.