കോട്ടയം: പ്രളയത്തിനു തൊട്ടുപിന്നാലെ പുഴകൾ വറ്റുന്നു. കിണറുകളിൽ വെള്ളം കുറയുന്നു. താപനില കുത്തനേ ഉയരുന്നു. മീനച്ചിൽ, പന്പ, അഴുത നദികളിലെ ജലനിരപ്പാണ് വേനൽക്കാലത്ത് എന്നതുപോലെ താഴ്ന്നുവരുന്നത്. പലയിടങ്ങളിലും രണ്ടടി മാത്രമാണ് വെള്ളത്തിന്റെ ആഴം. പേരുകേട്ട കയങ്ങൾ മൂടിയതും മണൽച്ചിറകൾ വന്നുകൂടിയതും മറ്റൊരു പ്രതിഭാസം.
പ്രളയത്തിൽ തിട്ടയിടിഞ്ഞ് പുഴയുടെ വീതി കൂടിയതു മാത്രമല്ല വെള്ളപ്പൊക്കം പോയതിനു പിന്നാലെ പുഴകൾ മെലിയുകയും ചെയ്തു. ഓഗസ്റ്റ് അവസാനംവരെ നിറഞ്ഞുകിടന്ന കിണറുകളിൽ വെള്ളം കുത്തനേ വലിഞ്ഞു. ചില കിണറുകൾ അടിത്തട്ട് കാണാവുന്ന വിധം അളവ് കുറഞ്ഞിട്ടുണ്ട്.
വനാന്തരത്തിലും മലകളിലെ അറകളിലും ശേഖരിച്ചു വച്ചിരിക്കുന്ന ജലമാണ് ഉറവകളായി പുഴകളിലും കിണറുകളിലും എത്തുന്നത്. മലമടക്കുകളാണ് താഴ് വാരങ്ങളിൽ ജലമെത്തിക്കുന്നത്. എന്നാൽ ഉരുൾ പൊട്ടലിലൂടെ ജലം നഷ്ടപ്പെട്ടാൽ ഉറവകൾ ഇല്ലാതാകും.
പ്രളയത്തിനു പിന്നാലെ നദികളുടെ അടിത്തട്ടിൽ വിള്ളൽ വീണ് വെള്ളം ഉൾവലിയുന്നതാവാം പ്രതിഭാസത്തിനു പിന്നിലെന്ന് എംജി വാഴ്സിറ്റി ജിയോളജി വിഭാഗം അഭിപ്രായപ്പെട്ടു. സെപ്റ്റംബറിന്റെ തുടക്കത്തിൽ 32 ഡിഗ്രിയായിരുന്ന പകൽ താപനില 35 ഡിഗ്രിയിലേക്ക് കുത്തനേ കയറി.
മഴമേഘങ്ങൾ മാറിയതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പം കുത്തനെ താഴുകയാണ്. മേൽമണ്ണ് വിണ്ടുകീറാനുള്ള സാധ്യത പലയിടങ്ങളിലുമുണ്ട്. വെള്ളം കയറിക്കിടന്ന സ്ഥലങ്ങളിൽ ഇത്തരത്തിലുള്ള വിള്ളൽ കാണപ്പെടുന്നുണ്ട്. തുലാമഴ ഇക്കൊല്ലം കിട്ടുമോ എന്നു പോലും ആശങ്ക ഉയരുന്നു.
ഒരു മാസത്തേക്ക് മഴയുണ്ടാവില്ലെന്നാണ് കാലാവസ്ഥാ സൂചന. ജലനിരപ്പ് താഴുന്നതും പകൽച്ചൂട് വർധിക്കുന്നതും വരൾച്ചയുടെ മുന്നോടിയാകാമെന്നാണ് സൂചന. മീനച്ചിലാറ്റിലെ വെള്ളം ഒരാഴ്ചയായി ശാസ്ത്രീയമായ പരിശോധനയ്ക്ക് വിധേയമാക്കിവരികയാണ്.
കായലിനോട് ചേർന്ന ഭാഗങ്ങളിൽ ലവണാംശത്തിൽ കുറവുണ്ടായെങ്കിലും അമ്ലത വർധിച്ചിട്ടുണ്ട്. അതേ സമയം മണിമലയാറ്റിൽ ജലനിരപ്പ് കാര്യമായി താഴ്ന്നിട്ടില്ല.