തൃശൂർ: പുഴയ്ക്കലിലെ വിവാദങ്ങൾക്കും വാഹനങ്ങളുടെ കാത്തുകിടപ്പിനും വിരാമമാകുന്നു.പുഴക്കലിൽ പുതിയതായി നിർമിച്ച പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുന്നു. 28ന് രാവിലെ 9.30ന് മന്ത്രി ജി.സുധാകരൻ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നു അനിൽ അക്കര എംഎൽഎ അറിയിച്ചു.
ഇത് സംബന്ധിച്ച് മന്ത്രി ജി.സുധാകരൻ തന്നെയാണ് വിവരം എം.എൽ.എയെ ധരിപ്പിച്ചത്. കഴിഞ്ഞ ഓണത്തിന് മുന്പായി ഗതാഗതത്തിന് തുറന്നു കൊടുക്കുന്നത് സംബന്ധിച്ചായിരുന്നു വിവാദങ്ങളുയർന്നത്. 90 ശതമാനത്തിലധികം പ്രവൃത്തികൾ പൂർത്തിയാക്കിയ പാലത്തിലൂടെ ചെറിയ വാഹനങ്ങളെ കടന്നു പോവാൻ അനുവദിക്കണമെന്ന ആവശ്യമാണ് വിവാദമായത്.
എംഎൽഎയുടെ നിർദ്ദേശത്തിൽ വകുപ്പ് മന്ത്രിയും, ജില്ലാ ഭരണകൂടവും ധാരണയിലെത്തിയെങ്കിലും ചീഫ് എൻജിനിയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുറന്നു കൊടുക്കുന്നത് വിലക്കിയതാണ് വിവാദമായത്. പാലത്തിന്റെ ഇരുവശങ്ങളിലും കോണ്ക്രീറ്റ് ടൈലുകൾ വിരിക്കുകയും, ചിലയിടങ്ങളിൽ ഡിവൈഡർ നിർമ്മിക്കുകയും ചെയ്തു.
അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്തായി റൗണ്ട് എബൗട്ടണ് നിർമ്മിച്ച് ഗതാഗതം നിയന്ത്രിക്കാനാണ് പുതിയ തീരുമാനം. ഇതിനായി നാറ്റ്പാക്കിനെ നിയോഗിച്ചിട്ടുണ്ട്. ഒരാഴ്ചക്കകം ഇക്കാര്യത്തിൽ തീരുമാനമാവുമെന്നാണ് കരുതുന്നത്. പുതിയ പാലത്തിലൂടെ ഗതാഗതം അനുവദിക്കുന്നതിലൂടെ പുഴക്കലിലെ കുരുക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.