തൃശൂർ: പുനർനിർമിച്ച പുഴയ്ക്കൽ പാലത്തിനു ഫിറ്റനസ് സർട്ടിഫിക്കറ്റ് നൽകാത്തത് മരാമത്ത് വകുപ്പ് എൻജിനിയറുടെ അട്ടിമറിയാണെന്ന് അനിൽ അക്കര എംഎൽഎ. ഈ റോഡിലെ ഗതാഗത കുരുക്ക് അഴിക്കാൻ പാലത്തിലൂടെ ചെറുവാഹനങ്ങളെ കടത്തിവിടാമെന്ന് മരാമത്തു മന്ത്രി ജി. സുധാകരൻ തന്നോടു പറഞ്ഞിരുന്നു.
എന്നാൽ അപ്രോച്ച് റോഡിന്റെ പണി തീരാത്തതിനാൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് നൽകാനോ പാലം ഗതാഗതത്തിനു തുറന്നുകൊടുക്കാനോ കഴിയില്ലെന്ന നിലപാടാണ് ചീഫ് എൻജിയിർ കൈക്കൊണ്ടത്. ഉയർന്നു നിൽക്കുന്ന പാലത്തിലേക്കുള്ള റോഡ് മണ്ണിട്ടുയർത്തി ഉടനേ തുറന്നുകൊടുക്കുന്നതിനു പകരം തടസമുണ്ടാക്കി നീട്ടിക്കൊണ്ടുപോകുന്നത് അംഗീകരിക്കാനാവില്ല.
ചെറുവാഹനങ്ങളെ കടത്തിവിട്ട് കോഴിക്കോട് റോഡിൽ പുഴയ്ക്കലിലുള്ള ഗതാഗത കുരുക്കു കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിൽ പുഴയ്ക്കലിൽ രാപകൽ സമരം ആരംഭിക്കും. വടക്കാഞ്ചേരി മണ്ഡലത്തിലെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ നാളെ രാവിലെ പത്തു മുതൽ വ്യാഴാഴ്ച രാവിലെ പത്തുവരെയാണു സമരം.
റോഡ് തുറന്നില്ലെങ്കിൽ സെപ്റ്റംബർ 12 മുതൽ അനിശ്ചിതകാല സമരം തുടങ്ങുമെന്നും അനിൽ അക്കര വാർത്താസമ്മേളനത്തിൽ പറഞ്ഞു.