ചെട്ടിയാംപറമ്പ്: ഗുരുതര പരിക്കേറ്റ് ചീങ്കണ്ണിപ്പുഴയിൽ ഇറങ്ങി നിലവിളിക്കുന്ന കാട്ടാന നൊമ്പരക്കാഴ്ചയായി.
ചെട്ടിയാംപറമ്പ് പൂക്കുണ്ടിലെ ചാത്തംപാറ കടവിലാണ് ദേഹമാസകലം പരിക്കേറ്റ കാട്ടാന വേദന സഹിക്കാതെ പുഴയിലിറങ്ങി നിന്നതും പിന്നീട് ചരിഞ്ഞതും.
ആറളം വന്യജീവി സങ്കേതത്തിന്റെ അതിർത്തിയായ ചീങ്കണ്ണിപ്പുഴയിൽ ഇന്നലെ രാവിലെ എട്ടോടെ കൃഷിയിടത്തിലെ റബർ പാൽ ശേഖരിക്കാൻ എത്തിയ കർഷകനായ റെജിയാണ് ആനയെ ആദ്യം കണ്ടത്.
സാധാരണ പുഴയിൽ വെള്ളം കുടിക്കാനെത്തുന്ന കാട്ടാനകൾ ഉടൻ വനത്തിലേക്ക് മടങ്ങാറാണ് പതിവ്.
എന്നാൽ പതിവിന് വിപരീതമായി പുഴയുടെ മധ്യഭാഗത്ത് മണിക്കൂറോളം നിലയുറപ്പിച്ച കാട്ടാനയെ ശ്രദ്ധിച്ചപ്പോഴാണ് ദേഹത്ത് ഗുരുതര പരിക്ക് കണ്ടെത്തിയത്.
ആനയുടെ വലതുകാൽചട്ടയ്ക്ക് മുകളിലും മസ്തകത്തിന് പിൻഭാഗത്തും വാലിലും വലിയ മുറിവുകൾ പഴുത്ത് വൃണമായ നിലയിലാണയിരുന്നു. വാൽ പകുതിയോളം അഴുകിയിട്ടുണ്ട്.
രൂക്ഷമായ ദുർഗന്ധവും ഉണ്ടായിരുന്നു. മുറിവുള്ള ഭാഗങ്ങളിൽ നിന്ന് പഴുപ്പും രക്തവും പുറത്തേക്കൊഴുകുന്നതു കാണാമായിരുന്നു. വലതുകാൽ പൂർണമായും നീരുവന്ന അവസ്ഥയിലാണ്.
രാവിലെ കണ്ടെത്തിയ കാട്ടാന ഉച്ചയ്ക്ക് ഒന്നോടെ പതുക്കെ കാട്ടിലേക്ക് പിൻവാങ്ങി. നിരവധി ആളുകൾ കാണനെത്തിയിട്ടും ശാന്തമായി ആന പുഴയിൽ നിന്നു.
വേദനകൊണ്ട് ആന പുളഞ്ഞിരുന്നതായി നാട്ടുകാർ പറഞ്ഞു. എന്നാൽ വീണ്ടും വൈകുന്നേരം ആറോടെ ആന വനത്തിൽനിന്ന് തിരിച്ചെത്തി.
ഏറെനേരം പുഴയുടെതീരത്ത് നിലയുറപ്പിച്ച ശേഷം പുഴയിലിറങ്ങി. മൃതപ്രാണനായിരുന്ന ആന ഏഴരയോടെ പുഴയിൽ വീണു. ഒന്പതോടെ ചരിയു കയും ചെയ്തു.
വൈകുന്നേരം നാലോടെ എത്തുമെന്നറിയിച്ച വനംവകുപ്പ് മെഡിക്കൽ സംഘം ആന വീണിട്ടും എത്താത്തതിൽ നാട്ടുകാർ ക്ഷുഭിതരായിരുന്നു.
ഉച്ചയ്ക്ക് തന്നെ നാട്ടുകാർ വനപാലകരെ വിവരമറിയിച്ചിരുന്നു. മണത്തണ സെക്ഷൻ ഫോറസ്റ്റർ മഹേഷിന്റെ നേതൃത്വത്തിൽ വനപാലകരും റാപ്പിഡ് റെസ്പോൺസ് ടീമും സ്ഥലത്തെത്തുകയും ചെയ്തിരുന്നു.
ആനയ്ക്ക് ഉടൻ അടിയന്തര ചികിത്സ നൽകുമെന്ന് അറിയിച്ച് അവർ പോകുകയായിരുന്നു. വനം വകുപ്പ് സീനിയർ വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി ചികിത്സ നൽകുമെന്നാണ് അറിയിച്ചിരുന്നത്.
ദിവസങ്ങൾക്ക് മുന്പ് ആറളം ഫാമിൽവച്ച് കാട്ടാനകൾ കുത്തുകൂടിയതായും പരിക്കേറ്റിട്ടുള്ളതായും വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.
എന്നാൽ പിന്നീട് ഇവയെ കണ്ടെത്താനോ ചികിത്സിക്കാനോ ഉള്ള ശ്രമങ്ങളൊന്നും അവരുടെ ഭാഗത്തുനിന്നുണ്ടായില്ല. അന്നു പരിക്കേറ്റ ആന തന്നെയാണോ ഇതെന്നു വ്യക്തമല്ല.