ചിറ്റൂർ: വീതികുറഞ്ഞതും കുത്തനെയുള്ള വളവുംമൂലം അപകടമേഖലയായ പുഴപ്പാലം-വണ്ടിത്താവളം റോഡ് ശാസ്ത്രീയമായി പുനർനിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് നടപടി തുടങ്ങി. പുഴപ്പാലംമുതൽ വണ്ടിത്താവളംവരെ റോഡിന്റെ നിരപ്പുവ്യത്യാസം, വളവുകൾ എന്നിവ മനസിലാക്കുന്നതിനായി സർവേ തുടങ്ങി.
സർവേ റിപ്പോർട്ട് ലഭിച്ചാൽ റോഡ് വീതികൂട്ടി നിർമിക്കാൻ നടപടിയുണ്ടാകും. നന്ദിയോട്, ഏന്തൽപ്പാലം, മുതലമട, മാന്പള്ളം, കാന്പ്രത്ത്ചള്ള, ഗോവിന്ദാപുരം എന്നിവിടങ്ങളിൽനിന്നും താലൂക്ക് ആസ്ഥാനമായി ചിറ്റൂർ കച്ചേരിമേട്ടിലേക്ക് വണ്ടിത്താവളം-വിളയോടി റോഡിനെയാണ് ആശ്രയിക്കുന്നത്.
നിലവിൽ അന്പതോളം അപകടങ്ങളിലായി പത്തിലധികം ജീവനുകൾ നഷ്ടമായിട്ടുണ്ട്. പരിക്കേറ്റവരും വികലാംഗരുമായവരും ഏറെയാണ്. പന്ത്രണ്ടോളം ബസുകളും വിവിധയിടങ്ങളിലേക്കുള്ള പതിനഞ്ചോളം സ്കൂൾ ബസുകളും ഇതുവഴിയാണ് സഞ്ചരിക്കുന്നത്. നെല്ലിമേട്-വണ്ടിത്താവളം റൂട്ടിൽ വാഹനാപകടങ്ങളിൽ പരിക്കേറ്റവരെ താലൂക്ക് ആശുപത്രിയിലേക്കു കൊണ്ടുപോകുന്പോൾ ഇവിടെ വാഹനക്കുരുക്കും പതിവാണ്.
അപകടഭീഷണിമൂലം മിക്ക വാഹനങ്ങളും മേട്ടുപ്പാളയം, അന്പാട്ടുപാളയം വഴി നാലുകിലോമീറ്റർ അധികദൂരം സഞ്ചരിച്ചാണ് ചിറ്റൂരിലെത്തുന്നത്. റോഡിന് ഇരുവശത്തും വീടുകൾക്കുമുന്നിൽ റോഡിലേക്ക് അതിക്രമിച്ചു ഗതാഗതതടസമായി നില്ക്കുന്ന മരങ്ങളും മുറിച്ചു മാറ്റണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.