തിരൂർ: മണലുമായി പോകുന്നതിനിടെ പോലീസിനെ ഭയന്ന് രണ്ടുയുവാക്കൾ പൊന്നാനി പുഴയിൽ ചാടി. ഒരാളെ കാണാതായി ഒരാൾ കരക്ക് നീന്തിക്കയറി. ഇന്നു രാവിലെ ആറുമണിയോടെയാണ് മണലുമായി പോകുന്ന വാഹനം തിരൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്.
പോലീസ് വാഹനം കുറുകെ നിർത്തിയതോടെ മണൽലോറിയിൽ ഉണ്ടായിരുന്ന രണ്ടുപേർ ചമ്രവട്ടത്തെ പുഴയിൽ ചാടുകയായിരുന്നു.ഇതിൽ ഒരാൾ കരക്കെത്തിയതായി നാട്ടുകാർ പറഞ്ഞു. അതേസമയം മണിക്കൂറുകൾ കഴിഞ്ഞിട്ടും ഒരാൾക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു.
ശക്തമായ ഒഴുക്കുള്ള നിലയിലാണ് പൊന്നാനി പുഴ. സ്ഥലത്ത് വൻജനക്കൂട്ടം തടിച്ചുകൂടിയിട്ടുണ്ട്. പോലീസുമായി നാട്ടുകാർ വാക്കേറ്റം ഉണ്ടായി. കൂടുതൽ പോലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ തെരച്ചിൽ നടത്തികൊണ്ടിരിക്കുകയാണ്.