പിലിക്കോട്: തന്റെ വീട് ആക്രമിച്ചവരെ പിടികൂടുന്നതിൽ പോലീസ് കടുത്ത അനാസ്ഥയാണ് കാട്ടുന്നതെന്ന് കാഞ്ഞങ്ങാട് നെഹ്റു കോളജ് റിട്ട. പ്രിൻസിപ്പൽ ഡോ.പി.വി. പുഷ്പജ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് പരാതിപ്പെട്ടു. പൊള്ളപ്പൊയിലിലെ വീടിന് നേരെ രണ്ടിടങ്ങളിലായി സ്റ്റീൽ ബോംബെറിഞ്ഞു ഭാഗികമായി തകർത്ത സംഭവത്തിൽ പോലീസ് കാര്യമായ നടപടികളൊന്നും എടുത്തിട്ടില്ല.
കോളജിൽ എസ്എഫ്ഐക്കാർ നടത്തിയ അതിക്രമ സംഭവം സംബന്ധിച്ച് പോലീസ് കർശന നടപടി കൈക്കൊണ്ടിരുന്നെങ്കിൽ തനിക്ക് ഇത്തരം തിക്താനുഭവം ഉണ്ടാവുമായിരുന്നില്ലെന്നും അവർ പറഞ്ഞു. ചീമേനി പോലീസ് കാട്ടുന്ന അനാസ്ഥ പുഷ്പജ ചൂണ്ടിക്കാട്ടി.
ഡിജിപി ഉൾപ്പെടയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഈ വിഷയം ചർച്ച ചെയ്യുമെന്ന് ഉമ്മൻ ചാണ്ടി ഉറപ്പ് നൽകി. പുഷ്പജയുമായി പത്തു മിനിറ്റോളം അദ്ദേഹം കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നിൽ, കെപിസിസി അംഗങ്ങളായ കരിമ്പിൽ കൃഷ്ണൻ, കെ.വി. ഗംഗാധരൻ, യൂത്ത് കോൺഗ്രസ് നേതാവ് എം. രജീഷ് ബാബു തുടങ്ങിയവർ ഉമ്മൻചാണ്ടിക്കൊപ്പം ഉണ്ടായിരുന്നു.