തിരുവനന്തപുരം: കോവിഡ് രോഗി ആശുപത്രിയിൽനിന്ന് വീട്ടിലെത്തിയത് പുഴുവരിച്ച നിലയിൽ. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വട്ടിയൂർക്കാവ് സ്വദേശി അനിൽകുമാറിനാണ് ദുരനുഭവം നേരിട്ടത്.
വീഴ്ചയിലേറ്റ പരിക്കുകളെ തുടർന്നാണ് ഓഗസ്റ്റ് 21ന് അനിൽകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിൽ കഴിയവെ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇതേ തുടർന്ന് ബന്ധുക്കളോട് നിരീക്ഷണത്തിൽ പോകാനും അധികൃതർ നിർദേശിച്ചു.
കഴിഞ്ഞ ദിവസമാണ് അനിൽകുമാറിന് കോവിഡ് രോഗബാധ നെഗറ്റീവായത്. ഇതേ തുടർന്ന് അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു. വീട്ടിലെത്തിച്ച അനിൽകുമാറിന്റെ ശരീരത്തിൽനിന്നും ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ദേഹമാസകലം പുഴുവരിക്കുന്നത് കണ്ടത്.
ക്ഷീണിച്ച് അവശനായി എല്ലുകൾ പുറത്തേക്ക് തള്ളിയ നിലയിലാണ് അനിൽകുമാറിനെ ഒരു മാസശേഷം തങ്ങൾ കാണുന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ അനിൽകുമാറിന്റെ കുടുംബം ആരോഗ്യമന്ത്രിക്ക് പരാതി നൽകി.