കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എക്കെതിരായ മിച്ചഭൂമി കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനാരുങ്ങി വിവരാവകാശ പ്രവര്ത്തകന് കെ.വി.ഷാജി.
നിയമവിരുദ്ധമായ ഇളവുകള്‍ നല്കി ലാന്‍ഡ് ബോര്‍ഡ് അന്‍വറിനെ സഹായിച്ചെന്നാണ് ഷാജിയുടെ ആരോപണം. അന്‍വറിന്റെ കൈവശമുളള മിച്ചഭൂമി പിടിച്ചെടുത്ത് ആദിവാസികള്‍ക്കും ഭൂരഹിതര്‍ക്കും വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ഷാജി നവകേരള സദസില്‍ പരാതി നല്‍കിയിരുന്നു.
ഇതേ ആവശ്യവുമായാണ് ഹൈക്കോടതിയെ വീണ്ടും സമീപിക്കുന്നത്.കൂടരഞ്ഞി, കുഴല്‍മന്ദം, തൃക്കലങ്ങോട് വില്ലേജുകളിലായാണ് അന്‍വറിന്റെയും കുടുംബത്തിന്റെയും പക്കല്‍ 6.24 ഏക്കര്‍ മിച്ച ഭൂമി ഉളളതായി താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയത്.
മൂന്നിടത്തും സര്‍വേ നടന്നതല്ലാതെ ഭൂമി കണ്ടുകെട്ടാനുളള നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. മിച്ച ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടിട്ട് രണ്ട് മാസം കഴിഞ്ഞു.
അന്‍വര്‍ മിച്ച ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചയ്ക്കകം തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്. എന്നാല്‍ ലാന്‍ഡ് ബോര്‍ഡും റവന്യൂ വകുപ്പും അന്‍വറിന് വേണ്ടി ഒത്തുകളിക്കുന്നുവെന്നാണ് പരാതിക്കാരനായ ഷാജിയുടെ ആരോപണം.