മലപ്പുറം: പുതിയപാർട്ടിയുടെ പേര് ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും പാർട്ടി രൂപീകരിക്കുന്പോൾ എംഎൽഎ സ്ഥാനം തടസമാണെങ്കിൽ രാജിവയ്ക്കുമെന്നും നിലന്പൂർ എംഎൽഎ പി.വി. അൻവർ. പോരാട്ടമാണ് പ്രധാനം. അതിൽ സ്ഥാനം വിഷയമല്ല. നിയമസഭയിൽ തനിക്ക് അനുവദിക്കുന്ന കസേരയിൽ ഇരിക്കും.
ഈ വിഷയം സ്പീക്കർ തീരുമാനിക്കട്ടെയെന്നും അതുമായി ബന്ധപ്പെട്ടു സ്പീക്കർക്കു കത്തു കൊടുക്കില്ലെന്നും അൻവർ ഇന്ന് രാവിലെ മാധ്യമ പ്രവർത്തകരോടു പറഞ്ഞു. മുഖ്യമന്ത്രി ഇന്നു രാവിലെ 11ന് വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചതിനിടെ രാവിലെ പത്തരയോടെയാണ് അൻവർ മാധ്യമ പ്രവർത്തകരെ കണ്ടത്.
പിആർ വർക്ക്, മലപ്പുറം വിവാദ പരാമർശം എന്നീ വിഷയങ്ങളിൽ മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ച പി.വി. അൻവർ കെ.ടി. ജലീൽ എംഎൽഎ ഭീരുവാണെന്ന തരത്തിൽ പരിഹസിക്കുകയും ചെയ്തു. കെ.ടി. ജലീലിന് ഒറ്റയ്ക്കു നിൽക്കാൻ ഭയമാണ്. മറ്റാരുടെയോ കാലിലാണ് അദ്ദേഹം നിൽക്കുന്നതെന്നായിരുന്നു അൻവറിന്റെ പരിഹാസം.
മലപ്പുറം ജില്ലയ്ക്കെതിരേ മുൻപും മുഖ്യമന്ത്രി പരാമർശം നടത്തിയിട്ടുണ്ട്. ഇത് ഒരു വിഭാഗത്തെ മാത്രമല്ല എല്ലാവരെയും ബാധിക്കും. മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും മാത്രമാണ് മലപ്പുറം വിരുദ്ധ പരാമർശത്തിന്റെ ഉത്തരവാദിത്വം. എഡിജിപി എം.ആർ. അജിത്കുമാറിനെയും പി. ശശിയെയും പിണറായി വിജയന് ഭയമാണ്. സിപിഎമ്മിനാണെങ്കിൽ പിണറായി വിജയനെയും പേടിയാണ്.
മുഖ്യമന്ത്രിയുടെ പിആർ വർക്കിൽ എൽഡിഎഫിൽ പലർക്കും അഭിപ്രായവ്യത്യാസങ്ങളുണ്ട്. പക്ഷെ അദ്ദേഹത്തിനെതിരേ പറയാൻ അവർ മടിക്കുകയാണ്. രക്തസാക്ഷികൾക്കൊന്നും സിപിഎമ്മിൽ യാതൊരു വിലയുമില്ല. കണ്ണൂരിലെ നിരവധി സഖാക്കളെ രക്തസാക്ഷികളാക്കിയത് ആർഎസ്എസ് ആണ്. പക്ഷെ ആർഎസ്എസ് മഹത്തായ സംഘടനയാണെന്നാണ് സ്പീക്കർ അടക്കമുള്ളവർ പറയുന്നത്.
ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ എം.ആർ. അജിത്കുമാറിനെതിരേ നടപടിയില്ല. ആർഎസ്എസിനെ മഹത്വവത്ക്കരിക്കുന്ന സിപിഎമ്മിനുള്ള മറുപടി കണ്ണൂരിലെ സഖാക്കൾ നൽകും.