കോഴിക്കോട്: സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേ തുറന്ന യുദ്ധം പ്രഖ്യാപിച്ച പി.വി. അന്‍വര്‍ എംഎല്‍എ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ എന്ന ആകാംക്ഷയിൽ രാഷ്ട്രീയ കേരളം. ഇന്നലെ നിലമ്പൂര്‍ ചന്തക്കുന്നില്‍ നടത്തിയ രാഷ്ടീയ വിശദീകരണ യോഗത്തിൽ ആയിരങ്ങൾ പങ്കെടുത്തത് അൻവറിനു വലിയ ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.
പുതിയ പാർട്ടി രൂപീകരിക്കുമെന്ന് അൻവർ ഇന്നലെ പറഞ്ഞില്ലെങ്കിലും തന്നെ പിന്തുണയ്ക്കുന്ന ജനങ്ങള്‍ ഒരു പാര്‍ട്ടിയായി മാറിയാല്‍ അതിനൊപ്പം താനുണ്ടാവുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്നു രാവിലെ നടത്തിയ പത്രസമ്മേളനത്തിൽ പുതിയ പാർട്ടി ഉണ്ടാക്കില്ലെന്നു താൻ പറഞ്ഞിട്ടില്ലെന്നും അൻവർ സൂചിപ്പിച്ചു.
സിപിഎമ്മുമായി അകന്നുനില്ക്കുന്ന മുന്‍ മന്തി കെ.ടി. ജലീല്‍ അന്‍വറിനൊപ്പം ഉണ്ടാകുമെന്നാണു നിലവിലെ സൂചനകൾ. ഒക്ടോബർ രണ്ടിന് ജലീൽ നയം വ്യക്തമാക്കുമെന്നും അറിയുന്നു. പുതിയ പാർട്ടിയുടെ കാര്യത്തിൽ ജലീലിന്റെ നിലപാട് നിർണായകമാകും. അതിനിടെ അഴിമതിക്കെതിരായ പോരാട്ടത്തിനു പുതിയ യൂട്യൂബ് ചാനല്‍ തുടങ്ങുമെന്ന് ജലീൽ അറിയിച്ചിട്ടുണ്ട്.
ഇടതുസഹയാത്രികനായ കാരാട്ട് റസാക്കും സിപിഎമ്മുമായി അകന്നുനില്‍ക്കുകയാണ്. ഇടതുസ്വതന്ത്രനായി നേരത്തെ കൊടുവള്ളിയില്‍നിന്ന് റസാക്ക് ജയിച്ചിരുന്നു. കാരാട്ട് റസാക്ക് അന്‍വറിനൊപ്പം ഉണ്ടാകുമോ എന്ന ു വ്യക്തമല്ല. അദ്ദേഹം മുസ് ലീംലീഗിലേക്ക് തിരിച്ചുപോകാനുള്ള ഒരുക്കത്തിലാണെന്നാണു പറയുന്നത്. ഇടതുപക്ഷത്തിനൊപ്പമുള്ള ന്യൂനപക്ഷ സമുദായങ്ങളെയും ലീഗ് പ്രവര്‍ത്തകരെയുമാണ് അന്‍വര്‍ ടാര്‍ജെറ്റ് ചെയ്യുന്നത്.
എസ്ഡിപിഐ, പിഡിപി തുടങ്ങിയ പാര്‍ട്ടികളില്‍നിന്നുള്ള പ്രവര്‍ത്തകരെയും പ്രതീക്ഷിക്കുന്നുണ്ട്.റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് മാമിയെ കാണാതായ സംഭവത്തിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്ട് ചേരുന്ന പൊതുയോഗത്തില്‍ അന്‍വര്‍ പ്രസംഗിക്കുന്നുണ്ട്. രണ്ടാഴ്ചയ്ക്കം മലപ്പുറം, കോഴിക്കോട് ജില്ലകളിലായി ഒരു ഡസനിലേറെ പൊതുയോഗങ്ങൾ സംഘടിപ്പിക്കും.
ഇതിനുശേഷം ജനങ്ങളില്‍ ഹിതപരിശോധന നടത്തും. മൊബൈല്‍ ഫോണിലൂടെ ജനങ്ങള്‍ക്ക് അവരുടെ അഭിപ്രായം രേഖപ്പെടുത്താം. അതു വിലയിരുത്തിയും സര്‍ക്കാരിനെതിരായ ജനവികാരം മുതലെടുത്തുമാകും തുടര്‍ നടപടികള്‍.പുതിയ പാര്‍ട്ടി ഉരുത്തിരിഞ്ഞാൽ യുഡിഎഫിൽ ഘടകക്ഷിയാകാനുള്ള നീക്കങ്ങൾ നടത്താനാകും. യുഡിഎഫിനെ വിമർശിക്കുന്നതിൽ അൻവർ മിതത്വം പാലിക്കുന്നുണ്ട്.
പുതിയ പാർട്ടി ഉണ്ടാക്കി മുന്നണിയിൽ ചേരാനായില്ലെങ്കിൽ നിലവിലുളള ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ചും ആലോചിക്കുമെന്നാണു സൂചന.അന്‍വറിനെ സിപിഎം തള്ളിപ്പറഞ്ഞ സാഹചര്യത്തില്‍ ഇടതുമുന്നുന്നിയിലെ മറ്റു ഘടക കക്ഷികളിലേക്ക് പോകാന്‍ സാധ്യത കുറവാണ്. മുസ് ലീംലീഗിനും അന്‍വറിനോടു താല്പര്യമില്ല. അന്‍വറിനെ സ്വീകരിക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും പുനരാലോചനകൾക്കു സാധ്യതയുണ്ടെന്നാണു രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തൽ.
താന്‍ തീരുമാനിച്ചാല്‍ 25 പഞ്ചായത്തുകളില്ഇടതിനു ഭരണം നഷ്ടപ്പെടും: പി.വി. അന്‍വര്‍
കോഴിക്കോട്: താന്‍ തീരുമാനിച്ചാല്‍ 25 പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടപ്പെടുമെന്ന് പി.വി. അന്‍വര്‍ എംഎല്‍എ. സിപിഎം വെല്ലുവിളിയുമായി വന്നാല്‍ ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്ന് അദ്ദേഹം ഇന്നു രാവിലെ മലപ്പുറത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കോഴിക്കോട്ടും മലപ്പുറത്തും പാലക്കാട്ടും പഞ്ചായത്ത് ഭരണം സിപിഎമ്മിനു നഷ്ടപ്പെടും.
അതിലേക്ക് പോകണോ എന്ന കാര്യം സിപിഎം തീരുമാനിക്കണം. എനിക്കെതിരേ പറഞ്ഞാല്‍ താന്‍ പറഞ്ഞുകൊണ്ടേയിരിക്കും. തന്നെ വര്‍ഗീയവാദിയാക്കാനാണ് സിപിഎമ്മിന്റെ ശ്രമം. മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ സംസാരിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.നിലമ്പൂരിലെ പൊതുയോഗത്തെ ജനം വിലയിരുത്തട്ടെയെന്ന് അന്‍വര്‍ പറഞ്ഞു.
ഒരാളെപോലും വിളിച്ച് തന്റെ യോഗത്തിനു വരണമെന്ന് പറഞ്ഞിട്ടില്ല. യോഗത്തിനു വന്നതിന്റെ പേരില്‍ ആരെയും പ്രതിസന്ധിയിലാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. കേരളത്തിലെ യുവാക്കള്‍ തീര്‍ത്തും അസംതൃപ്തരാണ്. യുവജനങ്ങള്‍ തൊഴില്‍തേടി വിദേശത്തേക്ക് പോകുകയാണ്. ഇവിടെ യുവാക്കള്‍ക്ക് അവസരം ലഭിക്കന്നില്ല.
യുകെ, യുഎസ്എ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് യുവാക്കള്‍ പോകുന്നത്. കുട്ടികളില്‍ മഹാഭൂരിപക്ഷവും സ്വത്തും വീടും പണയംവച്ചാണ് പഠിക്കാന്‍ പോയത്. വിദ്യാര്‍ഥികളുടെ തള്ളിക്കയറ്റം കാനഡയില്‍ അടക്കം വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. അവിടെയെല്ലാം തദ്ദേശീയരുടെ എതിര്‍പ്പ് ശക്തമാണ്. തിരിച്ചുപോരേണ്ട അവസ്ഥയിലാണ് കുട്ടികള്‍. അതോടെ വീണ്ടും പ്രതിസന്ധി രൂക്ഷമാകും.
താന്‍ മുഖ്യമന്ത്രിക്ക് നല്കിയ കത്തുകള്‍ വേസ്റ്റ് ബാസ്കറ്റിലേക്ക് വലിച്ചെറിയുകയാണ് ചെയ്തത്. പുല്ലുവിലയാണ് തന്റെ കത്തുകള്‍ക്ക് നല്‍കിയത്. യുവാക്കള്‍ നേരിടുന്ന പ്രശ്നങ്ങളാണ് താന്‍ ഉയര്‍ത്തിക്കാട്ടിയത്.യുവാക്കള്‍ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നില്ല. പിണറായി വിജയന് തന്റെ നെഞ്ചത്ത് കയറാതെ യുവാക്കളുടെ കാര്യം നോക്കാന്‍ തയാറാകണമെന്ന് അന്‍വര്‍ പറഞ്ഞു.