കോഴിക്കോട്: ആഭ്യന്തരവകുപ്പിനെതിരേയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരേയും തിരിഞ്ഞു കൈപൊള്ളിയ പി.വി. അന്‍വറിന്റെ വനം വകുപ്പിനെതിരായ പരാമര്‍ശം പുതിയ വിവാദത്തില്‍. അന്‍വര്‍ തന്നെ വേദിയിലിരുത്തി നടത്തിയ വിമര്‍ശനത്തിനെതിരേ മന്ത്രി എ.കെ. ശശീന്ദ്രന് മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ചു.
താന്‍ കൈാര്യം ചെയ്യുന്ന വകുപ്പിനെതിരേ ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് അന്‍വര്‍ ആരോപണമുന്നയിച്ചത്ശരിയായില്ലെന്നാണു മന്ത്രി പറയുന്നത്. മാത്രമല്ല മന്ത്രിമാറ്റമുള്പ്പെടെ എന്‍സിപിയില്‍ ചര്‍ച്ചയാകുന്ന സമയത്ത് നടത്തിയ പരസ്യ വിമര്‍ശനം ശരിയായില്ലെന്നാണ് ശശീന്ദ്രന് വിഭാഗം കുറ്റപ്പെടുത്തുന്നത്. ഇതു മറുവിഭാഗം ആയുധമാക്കുമെന്ന ആശങ്കയും ശശീന്ദ്രനെ അനുകൂലിക്കുന്നവരിലുണ്ട്.
നിലമ്പൂരില്‍ വനം വകുപ്പിന്റെ വിവിധ പദ്ധതികളുടെ ഉദ്ഘാടന വേദിയിലായിരുന്നു അന്‍വറിന്റെ പരാമര്‍ശങ്ങള്‍. ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അന്‍വര്‍. മുന്‍ മന്ത്രി കെ. സുധാകരന് വിചാരിച്ചിട്ട് വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ മനോഭാവം മാറ്റാന്‍ കഴിഞ്ഞിട്ടില്ല. പിന്നെയാണോ പാവം ശശീന്ദ്രന് എന്നായിരുന്നു അന്‍വറിന്റെ പരിഹാസം.
വന്യ ജീവികളുടെ മനസിനേക്കാള്‍ മോശമാണ് ഉദ്യോഗസ്ഥരുടെ മനസെന്നും പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ മന്ത്രിയോടു പറയണമെന്ന നിര്‍ദേശം പോലും നടപ്പിലാകുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. മാന്യത വിചാരിച്ചാണ് വകുപ്പിലെ പലകാര്യങ്ങളും പറയാത്തതെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
വനത്തിനുളളിൽ അനാവശ്യമായി വനംവകുപ്പ് കെട്ടിടങ്ങൾ പണിയുകയാണ്. ഇതു ശരിയല്ല. പാർട്ടി ഇടപെടേണ്ട വിഷയമാണിത്. മനുഷ്യ – വന്യ ജീവി സംഘർഷം ശക്തമാകുമ്പോഴും ഒരു നടപടിയും ഉണ്ടാകുന്നില്ല. ഈ വിഷയം ലോക്സഭാ തെരഞ്ഞെടുപ്പിൽ വലിയ വോട്ടുചോർച്ചയുണ്ടാക്കിയെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.
എന്നാല്‍ തന്റെ പ്രസംഗത്തില്‍ അന്‍വറിന്റെ പരാമര്‍ശങ്ങളോട് പ്രതികരിക്കാതിരുന്നു മന്ത്രി പിന്നീട് മാധ്യമങ്ങളോട് അതൃപ്തി പരസ്യമാക്കി. പി.വി. അൻവർ തന്നെ വേദിയിലിരുത്തി പറഞ്ഞത് ശരിയായോ എന്ന് അദ്ദേഹം തന്നെ ആലോചിക്കട്ടെയെന്നായിരുന്നു പ്രതികരണം. അന്‍വർ കാര്യങ്ങൾ അറിയുന്ന ആളാണ്.
പ്രായം കൂടിയ ആൾ എന്ന നിലയിലാണ് താൻ ഉപദേശിക്കുന്നതെന്നും ശശീന്ദ്രൻ പറഞ്ഞു‘. അൻവർ പറയുന്ന രീതിയിൽ മറുപടി പറയാൻ ഞാൻ പഠിച്ചിട്ടില്ല. അറിയേണ്ടത് എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്. അൻവറിന്റെ വിമർശനങ്ങളിൽ വ്യക്തിപരമായി വിഷമം ഇല്ല. ഇതൊന്നും കേട്ട് വികാരം കൊള്ളുകയോ ദുഃഖിക്കുകയോ ഇല്ലെന്നും ശശീന്ദ്രന് പറഞ്ഞു.