തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനത്തിന് തുടക്കമായി. മുണ്ടക്കൈ, വിലങ്ങാട് ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ അനുശോചനം അർപ്പിച്ച് ഇന്ന് സഭ പിരിഞ്ഞു. ഇനി തിങ്കളാഴ്ചയാണു സഭ ചേരുക.പി.വി. അൻവർ ഇന്ന് നിയമസഭയിൽ എത്തിയില്ല.
തിങ്കളാഴ്ച മുതൽ സഭയിൽ എത്തുമെന്നാണ് പി.വി. അൻവറിന്റെ പ്രതികരണം. ഇത്രയും നാൾ ഭരണപക്ഷത്തിനുവേണ്ടി പോരാടിയ അൻവറിന്റെ സഭയിലെ ഇനിയുള്ള നീക്കങ്ങളിലാണ് കേരളത്തിന്റെ കണ്ണുകൾ. പി.വി. നിയമസഭയിലെ ഇരിപ്പിടം പ്രതിപക്ഷ നിരയിലേക്ക് മാറ്റിയിരുന്നു. സിപിഎം പാര്‍ലമെന്ററികാര്യ സെക്രട്ടറി ടി.രാമകൃഷ്ണന് നല്കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇരിപ്പിടം മാറ്റിയത്.
തൃശൂർ പൂരം കലക്കൽ, എഡിജിപി -ആർഎസ്എസ് കൂടിക്കാഴ്ച, മുഖ്യമന്ത്രിയുടെ പിആർ ഏജൻസി വിവാദം എന്നിങ്ങനെ നിരവധി ആയുധങ്ങളുമായാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. ഈ വിഷയങ്ങളിൽ തിങ്കളാഴ്ച മുതൽ ഭരണപക്ഷവും പ്രതിപക്ഷവും സഭയിൽ നേർക്കുനേർ ഏറ്റുമുട്ടും.
ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവർക്ക് അനുശോചനം അർപ്പിച്ച് സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സഭയിൽ സംസാരിച്ചു. വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടല്‍ സമാനതകളില്ലാത്ത മഹാദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
ഒരു പ്രദേശമാകെ തകര്‍ന്നുപോകുന്ന സാഹചര്യമാണുണ്ടായത്. രാജ്യത്തിന്നു വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ ഉരുള്‍പൊട്ടലുകളുടെ ഗണത്തില്‍പ്പെടുന്ന ദുരന്തമാണ് ഉണ്ടായത്. ദുരന്തത്തില്‍ 231 ജീവനുകള്‍ നഷ്ടപ്പെടുകയും 47 വ്യക്തികളെ കാണാതാകുകയും ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.
145 വീടുകള്‍ പൂര്‍ണമായും 170 എണ്ണം ഭാഗികമായും തകര്‍ന്നു. 240 വീടുകള്‍ വാസയോഗ്യമല്ലാതായി. 183 വീടുകള്‍ ഒഴുകിപ്പോയി. ദുരന്തത്തില്‍ ചുരുങ്ങിയത് 1200 കോടിയുടെയെങ്കിലും നഷ്ടമാണ് വയനാട്ടിലുണ്ടായത്. കോഴിക്കോട് ജില്ലയിലെ വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു ജീവനും കൃഷിയും വളര്‍ത്തുമൃഗങ്ങളും അടക്കം കനത്ത നാശമുണ്ടായി.
വിലങ്ങാട് ചുരുങ്ങിയത് 217 കോടിയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കപ്പെടുന്നത്. മേപ്പാടിയിലെ ദുരന്തബാധിതര്‍ക്കായി സുരക്ഷിതമായ ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിച്ചു വരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരിതാശ്വാസപ്രവര്‍ത്തനത്തിലും രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാരിന് പ്രതിപക്ഷം പൂര്‍ണ പിന്തുണ ഉണ്ടായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പറഞ്ഞു. ദുരിതാശ്വാസപ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ ആ പിന്തുണ ഉണ്ടാകുമെന്ന് ഉറപ്പു നല്‍കുന്നതായി പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വയനാട് ദുരന്തത്തില്‍ ലോകം മുഴുവന്‍ കേരളത്തിന് ഒപ്പം നിന്നെന്ന് സ്പീക്കര്‍ എ.എം.ഷംസീര്‍ അനുസ്മരിച്ചു. ദുരന്തത്തിനെക്കുറിച്ച് മാധ്യമങ്ങള്‍ നല്ല രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സര്‍ക്കാരിന്റെ പുനരധിവാസ പ്രവര്‍ത്തനങ്ങളെ മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തില്ലെന്നും സ്പീക്കര്‍ വിമര്‍ശിച്ചു.