മലപ്പുറം: കോണ്‍ഗ്രസ് വോട്ടുകളാണ് പൊന്നാനി എൽഡിഎഫ് സ്ഥാനാർഥി പി.വി.അൻവർ ഉന്നം വയ്ക്കുന്നത്. അതിനായി കോണ്‍ഗ്രസിനെ തലോടിയുള്ള പ്രചാരണതന്ത്രങ്ങളാണ് പി.വി.അൻവർ പ്രയോഗിക്കുന്നത്. നിലന്പൂരിൽ പി.വി.അൻവറിന്റെ വിജയഘടകമായിരുന്നു കോണ്‍ഗ്രസിൽ നിന്നു അടർത്തിയെടുത്ത വോട്ടുകൾ.
പൊന്നാനിയിലും കോണ്‍ഗ്രസിനെ കുറ്റപ്പെടുത്താതെ വോട്ടുകൾ ചോർത്തുകയെന്നതാണ് പി.വി.അൻവറിന്റെ നീക്കം. രാഹുലിന് ശക്തി പകരാൻ എൽഡിഎഫിന് വോട്ടു ചെയ്യണമെന്ന പി.വി അൻവറിന്റെ പ്രസംഗം ചർച്ചയായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം തിരൂരിൽ നടന്ന നിയോജക മണ്ഡലം കണ്‍വൻഷനിൽ സംസാരിക്കവേയാണ് അൻവർ രാഹുലിന്റെ പേര് പറഞ്ഞ് വോട്ടഭ്യർഥിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ കരുത്തു പകരാൻ വോട്ടു നൽകൂ എന്നായിരുന്നു അൻവറിന്റെ അഭ്യർഥന.
പ്രസംഗം സോഷ്യൽമീഡിയയിൽ പരന്നതോടെ എതിരാളികളും ട്രോളൻമാരും അത് ഏറ്റെടുത്തു. എന്നാൽ ഇടതുമുന്നണിയെ പി.വി.അൻവറിന്റെ പ്രസംഗം ആശങ്കയിലാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് യുഡിഎഫിനെതിരെ ആഞ്ഞടിച്ചു വോട്ടുനേടാനുള്ള പ്രചാരണങ്ങളുമായി എൽഡിഎഫ് നേതാക്കൾ മുന്നേറുന്പോഴാണ് ഇടതുപക്ഷത്തെ വെട്ടിലാക്കി അൻവറിന്റെ വോട്ടഭ്യർഥന.
എന്നാൽ ഇതു കോണ്‍ഗ്രസ് വോട്ടുകൾ നേടാനുള്ള തന്ത്രമെന്നാണ് വിലയിരുത്തൽ. നിലന്പൂരിൽ ഈ നീക്കം ഫലിച്ചതാണെന്നും പൊന്നാനിയിലും അത് വിജയിക്കുമെന്നാണ് അൻവറിനോടൊപ്പം നിൽക്കുന്നവരുടെ അഭിപ്രായം. കോണ്‍ഗ്രസ് നേതാക്കളെ ചാക്കിട്ടുപിടിക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളിലാണ് ലീഗ്. മുൻപ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്നു പി.വി.അൻവർ. പിന്നീട് കരുണാകരൻ ഡിഐസി രൂപീകരിച്ചപ്പോൾ കോണ്‍ഗ്രസ് വിട്ടു.
ഡിഐസി ജില്ലാ വൈസ് പ്രസിഡന്റായി. കരുണാകരൻ കോണ്‍ഗ്രസിൽ ചേർന്നപ്പോഴും പോയില്ല. പിന്നീട് ഏറനാടും വയനാട്ടിലും സ്വതന്ത്രനായി മത്സരിച്ചു. പിന്നീട് ഇടതു സ്വതന്ത്രനായി നിലന്പൂരിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു.